അജബാലൊരാകാശ മേലാപ്പൊരുക്കീ ... അടിയില്‍ ഈ ഭൂമി യില്‍ ജന വാസമാക്കീ ... ഇരുളും വെളിച്ചം പകല്‍ രാവൊരുക്കീ ... ഇണയായ് പടപ്പിന്റെ എണ്ണം പെരുക്കീ ...

Jan 20, 2011

വൈദ്യര്‍ ചിന്ത്


മാപ്പിള ത്താനത്തിലെ ബാഗുസ്സുറൂരിലിരിന്ത് -
മാനിദക്കവി മൂളിടെയ് തോരാതെ പെയ്തൊരു ചിന്ത്.
മാറിടുക്കില്‍ തീര്‍ത്ത ബെയ്തിന്‍ തേന്‍ കുടം തുറന്ന് -
മാമഹം പയ്യല്‍ ത്വബീബിന്‍ ശീലുകള്‍ പിറന്ന് ..

അക്ഷരപ്പൊരുളെത്തിരാ ബരിശക്കടല്‍ മുങ്ങിപ്പിടിത്ത്
അക്ഷയഖനി മുത്ത് മോയിന്‍ കുട്ടി വൈദ്യര് മാല കോര്‍ത്ത്‌
ഇശ യൊടാക്കിളി പാടി
ഇശലിന്റെ വാനമ്പാടി..

നെഞ്ചിലിശ്ഖിന്‍ കൂടൊരുക്കി ഹിന്ദിലെ അസ് മീറ് നാട്ടില്‍
മൊഞ്ചിലാ കിളിക്കൂട് വൈദ്യര് തൊങ്കലാല്‍ പണി തീര്‍ത്ത് മട്ടില്‍
മനസിജം പിണി ചേര്‍ത്ത്
മധു ഖാഫിയത്തില് തീര്‍ത്ത്.

ജിന്ന് വാഴും നാട്ടിലേക്കുസ് നുല്‍ജമാലാളേ നടത്തി
ചിന്മഴിക്കിണയായ് മുനീറെ സന്ധിതക്കൂട്ടില്‍ നിറുത്തി
ധിമി ധിമി തിമി താളം
തിര ദിഗ് വിഭാഗിത മേളം.

ഹഖും ഹഖോടുത്ഥിതപ്പക വെച്ച കൂട്ടം കൊമ്പ് കോര്‍ത്ത്
ഹക്കം അപ്പടി കുറിത്ത് തീപ്പടര്‍ത്തും ഖിസ്സ തീര്‍ത്ത്
അഹദിയത്തില്‍ പേര്‍ത്ത്
അധി ഹംദിനാലണി ചേര്‍ത്ത് .

ബദറിലെപ്പടവാള്‍ കിലുക്കം, സിരകളില്‍ ചോര ത്തിളക്കം
ബരികളില്‍ രണ ഭേരി, മക്കം ഫത് ഹ് സ്വാതന്ത്ര്യ പ്പതക്കം
ശണ്ട ദണ്ടട താളം
ശര ശങ്കിടി പ്പട മേളം .

"മനൊ നഭ സുഖ സാര ഭാസ്കര" പടയൊരുക്കി മലപ്പുറത്ത്
മനസുരുക്കും കഥ "സലീഖ" ത്തോതിയും തഹ് രീറുരത്ത്
വൈദ്യരീ മലനാട്ടില്‍
വൈദേശി യോടെതിര്‍ത്ത് .

ദീനരോടലിവുള്‍ "സലാസില്‍" കാട്ടിയെ അസ് റാറെടുത്ത്
ദീപ്തമായ് "മഫാത്തിഹുല്‍ അബ് റാറി"ലെ ചരിതമൊത്ത്
ബെത്തിലാ ചമൈത്ത്
ബല്‍ഖീസിലെ സീനത്ത് .

മുത്തിനാല്‍ മൂലപ്പുരാന്‍ പടച്ച മുസ്തഫയെ തിളക്കി
മുത്തിടും മദ് ഹായ് മുഹിബ്ബു ന്നൂറിനാലുള്ളം മിനുക്കി
വൈദ്യരോളം നല്ല
വൈഡൂര്യ വും കാണില്ല.
മാപ്പിള ക്കവി സാമ്രാട്ട് മഹാ കവി മോയിന്‍ കുട്ടി വൈദ്യരുടെ
പ്രസിദ്ധ കാവ്യങ്ങളായ "ബദര്‍ , ഉഹദ്, ബദ് റുല്‍മുനീര്‍ ഹുസ്നുല്‍ ജമാല്‍ ,
മലപ്പുറം പട , സലീഖത്ത് , സലാസില്‍ , ബെത്തില, മൂലപ്പുരാന്‍ ..
തുടങ്ങിയ കൃതികള്‍ അനുസ്മരിച്ചു കൊണ്ടെഴുതിയ ഈ ഗാനം
മാപ്പിള പാട്ട് ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു .
" ബിസ്മിയും ഹംദും സലാത്തും .... എന്ന ഇശലില്‍ പാടി നോക്കുക ..

Dec 29, 2010

മനക്കണ്ണില്‍


ദൂരെ പലകാലം മനക്കണ്ണില്‍ നിരൂപിച്ച്
എത്താന്‍ കൊതിച്ചുള്ള ഒരു നാട്
നേരെ തിരിഞ്ഞു നിന്നെന്നും നിയ്യത്തു റപ്പിച്ച്
മുത്താന്‍ കൊതിച്ചുള്ള ഒരു വീട്

ആറ്റല്‍ നബിയുടെ പിറവി കൊണ്ടവനിയില്‍
ആശിസ്സരുളിയ നക നാട്
ആദ്യം നമുക്കായി ദുനിയാവില്‍ പണി തീര്‍ത്ത
ആരാധനയുടെ തിരു വീട്

ബൈതുല്‍ മ അ മൂറ് മലക്കുകള്‍ തവാഫുണ്ട്
എഴാമാകാശത്തില്‍ അത് മേലെ
ബൈത്തുല്‍ അതീഖിലും ഇട വിട തവാഫുണ്ട്
ഏഴര്‍ ക്കായി മണ്ണിലതു താഴെ

മുത്ത് റസൂലിന്റെ കൊതി പോലെ പടച്ചവന്‍
മാറ്റീ ഖിബ് ല യും ഇതിന്‍ നേരെ
മുത്തി ഹജര്‍ നേടാന്‍ സുബര്‍ക്കത്തെ കൊതിച്ചവര്‍
മാപ്പിന്നിരക്കുന്നു പഴി തീരെ ..

കില്ലാ പിടിച്ചൊന്ന് മനം തുറന്നിടുമെങ്കില്‍
ഇല്ലാ കരയാത്ത തിനി യാരും
എല്ലാം അറിയുന്ന പടച്ചവന്‍ പൊറു ത്തെങ്കില്‍
അല്ലാ തെനിക്കില്ല തുണയാരും

ഹജറുല്‍ അസ് വദും ഇബ് റാ ഹിം മഖാ മുണ്ട്
ഹിജ്ര്‍ ഇസ്മാ ഇലും മീസാബും
ബാബുല്‍ ക അബ തൊട്ടടുത്ത് മുല്‍ തസിമുണ്ട്
ഭാഗ്യം ലഭിച്ചെങ്കില്‍ ഈജാബും

കേള്‍ക്കാം വിറകൊണ്ടു പതറുന്ന മനുഷ്യന്റെ
കേഴും കരളിന്റെ ഒരു തേങ്ങല്‍
തേട്ടം ഖബൂലായി തിരിക്കുന്ന സമയത്ത്
തേങ്ങും മനസോടെ വിട വാങ്ങല്‍

ദേശം പല വേഷം മനസ്സൊന്നാ യിണങ്ങുന്നു
ദോഷം പൊറു പ്പിച്ച് മലപോലെ
ഉമ്മുല്‍ ഖുറായില്‍ നിന്നടിമകള്‍ മടങ്ങുന്നു
ഉമ്മാ പ്രസവിച്ച ശിശു പോലെ
ഇശല്‍ : "അഹദത്തി ലെ അലിഫ് അലിഫ് ലാം അകമിയം .... " ( മഹാ കവി മോയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടിലെ ആദ്യ ഇശല്‍ )

Dec 25, 2010

ഹിജ് റ


പിറ കൊണ്ട നാട് നോക്കിയും
പിടയുന്ന ഖല്‍ബ് തേങ്ങിയും
ഹിജ് റ ക്കൊരുങ്ങി ദൂതര്
കവിളത്തൊഴുകി കണ്ണീര്

ഹിറയില്‍ തെളിഞ്ഞ ദീപ്തിയില്‍
ഹീന്താലം പുത്തുലഞ്ഞതും
ശിര്‍ക്കിന്റെ താവളങ്ങളില്‍
ശില്‍പങ്ങള്‍ വീണുടഞ്ഞതും

നബിയെ ശിരസറു ക്കുവാന്‍
നദ് വത്തില്‍ കൂട്ടം ചേര്‍ന്നതും
ഇരവില്‍ കുടില്‍ വളയുവാന്‍
ഇബ് ലീസിന്‍ സേന വന്നതും

ഒരു പിടി മണ്ണെറിഞ്ഞതും
തിരു ദൂതര്‍ കണ്‍ മറഞ്ഞതും
അലിയെ പകരം കണ്ടതും
അരിശത്താല്‍ പോര്‍ വിളിച്ചതും

സൗറില്‍ ഒളിച്ചിരുന്നതും
സിദ്ദീഖ് കൂട്ടിരുന്നതും
വല നെയ്തോരെട്ടു കാലിയാല്‍
വലിയവന്‍ കാവല്‍ തീര്‍ത്തതും

മരുഭൂമി താണ്ടി രാപകല്‍
മണലാരണ്യം കടന്നതും
നബിയെ വഹിച്ചോ രൊട്ടകം
യസരിബ് നാടണഞ്ഞതും

വരവേല്‍ക്കുവാന്‍ മദീനയില്‍
വലിയോരാള്‍ കൂട്ടം ചേര്‍ന്നതും
അളവറ്റ സ്നേഹം നല്കിയാ
അതിഥി യെ സ്വീകരിച്ചതും

ഒടുവില്‍ ആ പുണ്യ മേനിയെ
ഒളിവായി നെഞ്ചില്‍ ചേര്‍ത്തതും
മനസ്സില്‍ മദീന നമ്മുടെ
മതിമണി യായ് തെളിഞ്ഞതും

Dec 18, 2010

അമര സ്മൃതി


കദനത്താലുള്ളം തകര്‍ന്ന് ആലം നിലയായീ
കരളിന്‍ തുടിപ്പാം ശിഹാബ് തങ്ങള്‍ വഫാത്തായീ
കടലും കടന്നെത്തി വാര്‍ത്ത സങ്കടം തീരാതെ
കടലുണ്ടി യാറും ഒഴുക്കി കണ്ണീര് തോരാതെ

മനദില്‍ ഉമൈകളെ കണ്ട്‌ മോഹം കഴിഞ്ഞില്ലാ
മരണത്താലാ മുഖം ഖല്‍ബില്‍ നിന്ന്‌ മറയില്ലാ
ജന്നാത്തിന്‍ വാതില്‍ തുറന്ന് റൌഹും റൈഹാനും നീ
ജയഗേഹം തീര്‍ക്കാ കുടീരം തങ്ങള്‍ക്കു നാഥാ നീ

കണ്മണി പോലെയി ഖൗമെ ഇന്നോളം സൂക്ഷിച്ച്
കലഹങ്ങളില്ലാതെ നോക്കിയാജന്മം നേദിച്ച്
ഇല്ലാ ബഖാ' എന്റെ റബ്ബിനല്ലാതെ എന്നാലും
ഇല്ലല്ലോ ചെന്നെന്റെ സങ്കടം ചോല്ലാനിന്നാളും

ഹുബ്ബിന്റെ നൂലിനാല്‍ നെയ്തു ഖല്‍ബുകള്‍ ഒനനായീ
ഹുങ്കില്ലാതാനന്ദം പെയ്ത തങ്ങള്‍ വഫാത്തായീ
അരിശം പടരാതെ സ്നേഹം വീശി നസീഹത്ത്
അളവറ്റ കാരുണ്യം പാണക്കാടിന്‍ ഉസ് വത്ത്

പുഞ്ചിരി തൂകുന്ന പാല്‍ നിലാവിന്റെ ചേലൊത്ത്
പുകലുറ്റഹ്ല്‍ ബൈത്തില്‍ വന്നുദിച്ച മണി മുത്ത്
പോരിശയേറ്റം നിറഞ്ഞ താവഴി ചേലൊത്ത്
പോകുന്ന സില്‍സില മുത്ത് താഹ തന്‍ ചാരത്ത്

പുക്കോയ തങ്ങളാ കയ്യിലേല്‍പിച്ച പാശത്തെ
പുമാന്‍ മുറിയാതെ കാത്ത് സുക്ഷിച്ച് കാലത്തെ
മത മൈത്രി കാത്തവര്‍ എന്നെന്നും തണല്‍ മായാതെ
മഹനീയ മാതൃക തീര്‍ത്ത് തന്നല്ലോ വീഴാതെ

കണ്ണിമ പൂട്ടാതെ സമുദായതതിനിന്നാളോളം
കാവല്‍ ഇരുന്നു ശിഹാബ് തങ്ങള്‍ ആവോളം
ഏകീ ഈ മാപ്പിള നാടിന്നേറെ ശുജാഅത്ത്
ഏറ്റം വളര്‍മയില്‍ കാലം കാണിച്ച ഇസ്സത്ത്‌

Dec 15, 2010

ദയാ പരന്‍

അഖിലാണ്ഡം തീര്‍ത്ത ഹദ വന്‍
അര്‍ ശും കുറ്സു ടയവന്‍
അതിലേറെ ഖല്‍ഖമൈത്തവന്‍
അടിമ കളില്‍ ദയാ പരന്‍

അവനെ സദാ വഴിപ്പെടാന്‍
അ ബ്‌ ദീങ്ങളെ പടച്ചവന്‍
അവരെ സന്മാര്‍ഗം കാട്ടുവാന്‍
അംബിയാ വെ അയച്ചവന്‍

ആദം മുതല്‍ക്കൊരായിരം
ആവഴിയില്‍ നിരന്തരം
ആമുഗ്ദ്ധ ദീന്‍ വിളംബരം
ആരണങ്ങള്‍ പരാവരം

തൌഹീദിന്‍ പാത കാട്ടിയെ
തൌറാത്തും ഇന്ജീലേകിയെ
തൌതിക ശോഭ വീശിയേ
തഥ്യം സബൂര്‍ ഇറക്കിയെ

എല്ലാ പടപ്പിനും അജല്‍
എക്കാലവും തരും തണല്‍
ഹാദീ ഫുര്‍ഖാനകം പൊരുള്‍
ഖാതിമുല്‍ അംബിയാ റസൂല്‍

മുസ്തഫ തങ്ങള്‍ കാത്തവര്‍
മുത്തായ് സ്ഫുടം ലഭിത്തവര്‍
മുഴു നീളം ദീന്‍ ഖുദ് വത്ത്
മുഖ് തദ മുന്‍ സഹാബത്ത്

അവരെ തുടര്‍ന്ന ഇമ്മത്ത്
അറിവിത്തിടയ് ശരീ അത്ത്
അസ് ലാണ ഹ് ലു സ്സു ന്നത്ത്
അണി ചേര്‍ന്ന് വല്‍ ജമാ അത്ത്

Dec 2, 2010

തുടക്കവും ഒടുക്കവും

എല്ലാ തുടക്കവും അവനില്‍ നിന്ന്
എല്ലാം ഒടുക്കവും അവനില്‍ ചെന്ന്
അല്ലാഹുവിന്‍ നാമം ഉരത്തിടുന്ന്‍
അതിനോടാണി ഹംദും വിരുത്തിടുന്ന്‍

അക്മല്‍ സലാത്തെന്റെ ഹബീബില്‍ ചൊന്നു
അദ ബില്‍ സലാം ചൊല്ലി തുടങ്ങിടുന്ന്‍
അബ്ദും റസൂല്‍ ആയെ നബിയോരിലും
ആലും അഹ് ലിലും സഹാബരിലും

ഇല്ല ഇലാഹല്ലാഹുവ ല്ലാ താരും
ഇല്ല അവന്നു പങ്കുകാരായാരും
അവനാണ ധികാരം തുദിയും സര്‍വം
അവനാണു യിര്‍ മൌത്തിനുടമ സര്‍വം

ആദം കുലത്തെ ആദരിച്ചു അല്ലാഹ്
അഴകില്‍ മനുഷ്യനെ പടച്ചു അല്ലാഹ്
അറിവും വിവേകവും അവര്‍ക്ക് നല്‍കീ
അതിരിട്ടൊരു ദീനും കനിഞ്ഞു നല്‍കീ

ശരിയും ശരികേടും തിരിച്ചറിയാന്‍
ശറ ഇന്‍ വിധിവില ക്കനുസരിക്കാന്‍
കല്പിച്ചവന്‍ നമ്മെ സ്വതന്ത്രരാക്കീ
കമനീയ ലോകത്തെ അധിപരാക്കീ

ഇവിടെ ദുനിയാവില്‍ വസിക്കും കാലം
ഇതിലെ പ്രജകള്‍ക്കൊരി ടതാവളം
വഴിയെ വരാനുണ്ടോരമര സ്ഥാനം
വഹിയല്‍ ഖിയാമ നാം സ്മരണ വേണം

പഥികന്‍ ഇവിടെ നീ വഴിവക്കത്ത്
പരിമേയ മാണല്ലോ ഇതില്‍ ഹയാത്ത്
കൊതിയില്‍ വിതക്കേണം ഗുണത്തിന്‍ വിത്ത്
കൊയ്ത്തും മെതിയെല്ലാം പരലോകത്ത്

Nov 11, 2010

അസുപ്തം

കവിത
---------------------
തപ മാനസത്തിന്റെ യുശിരാലഹല്യം
ആത്മാര്‍പ്പണത്തിന്‍ വിയര്‍പ്പില്‍ കുളിക്കേ
അറിയാതുയിര്‍ ത്തു വന്നാദ്യത്തെ മുകുളം
പാഴ് മരു ഭൂവില്‍ തുടിക്കുന്നു ജീവന്‍
മിത്തല്ല സത്യമാ വിജന പ്രാന്തങ്ങളില്‍
മെല്ലെ തെളിഞ്ഞു വന്നാശ്വാസ ദീധിതി
ഗ്രാമങ്ങള്‍ ക്കമ്മയാം പുണ്യ ദേശം "മക്ക " -
യലിവിന്റെ തീര്‍ഥമായ് " സം സം " ചുരത്തി
ജീവനും മൃത്യുവും ദൈവ സനിദ്ധ്യത്തി -
ലര്‍പ്പണം ചെയകയാലി ബ്രാഹിമിന്റെ
പ്രാര്‍ഥനാ സാരങ്ങളമര മന്ത്രങ്ങളായ്
താളം പിഴക്കാതെ നില്‍പ്പുണ്ടസുപ്തമായ്
ഭൂമിയിലാദ്യത്തെ ആരാധനാലയം
ഖിബ്‌ല യായ് ശോഭിച്ചു മക്കയില്‍ "ക'അബാ "
സ്നേഹ വാതാമോദ സൌരഭ്യമാ യുള്ളി -
ലിപ്പുണ്യ മണ്ണിന്‍ വിശുദ്ധിയെ വാഴ്ത്താന്‍
സര്‍വം സമര്‍പ്പണം, മുക്തി തേടും പര-
ലക്ഷങ്ങളെത്തുന്നു ദൂരങ്ങള്‍ താണ്ടി
ത്യാഗിയാം ഇബ്രാഹിമീ വീട് തീര്‍ത്തു ചെയ്-
താജ്ഞ്ഞാ വിളിക്കുത്തരം നല്കുവാനായ്
നിത്യം നമിക്കുന്ന തേതൊരു ദിക്കിലേ -
ക്കാ പുണ്യ ഗേഹത്തെ നേരിട്ട് കാണാന്‍
മര്‍ത്യ പാപങ്ങളാല്‍ തീര്‍ത്തും കറുത്ത് പോ-
യാ കല്ലിലൊന്ന് മുഖം ചേര്‍ത്ത് വെക്കാന്‍
ദേശ വൈജാത്യങ്ങ ള ണി ചെരുമിവിടെ
വര്‍ണ വൈവിധ്യങ്ങ ളിഴ ചേരു മൊന്നായ്‌
വിശ്വ സാഹോദര്യ മന്ത്രം മുഴക്കും
വിശ്വാസികള്‍ക്കിത് പാപ മോക്ഷ ഗൃഹം.
----- ഉസ്മാന്‍ എടത്തില്‍ --- ജിദ്ദ , സൌദി അറേബ്യ ---

Jul 10, 2010

അറിയാതെ


അറിയാതെ ചെയ്തതും
അറിവോടെ ചെയ്തതും
അറിയുന്ന റബ്ബേ നിന്‍ കോടതിയില്‍
അടിമ യെന്‍ന്റേടുകള്‍ ഖൈറാല്‍ നിറക്കുവാന്‍
അഫ് വെന്നിലോശാരം നല്കീടണേ.
അടിയനെ നീയെന്നും കാത്തിടണേ

കാലത്തിന്‍ വാഹനം കേറിയ ഞാന്‍
കാതങ്ങളേറെ യലഞ്ഞതല്ലേ
കാണാ ക്കയത്തിന്‍ ചുഴിയൊടുങ്ങാന്‍
കാവല്‍ കിടന്നൊരു സാധുവല്ലേ

നാവിന്റെ തുമ്പിലെ ഹര്‍ ഫുകളാല്‍
നാഥനെ വാഴ്ത്തുന്നതാദ്യമാല്ലേ
നാഴിക നേരം കഴിഞ്ഞൊടുങ്ങാന്‍
നാശം വരിച്ച മുസാഫിറല്ലേ

തേങ്ങുന്ന ഖല്‍ബിന്റെ ഉള്ളറയില്‍
തേന്മാരി ചൊരിയുന്നതേകനല്ലേ
തേടും ഫഖീറിന്റെ കണ്ണു നീരില്‍
തേജസ്സുയര്തും മുഹൈമിനല്ലേ

പിടയും മനസിന്റുരുക്കം കണ്ട്‌
പിഴ തീര്‍ത്ത് നീയെന്നെ കാത്തിടണേ
ഫിദ് യ ഞാനര്‍പിച്ച തൌബ കൊണ്ട്
ഫിര്‍ദൌസിലെക്കെന്നെ ചേര്‍ത്തിടണേ..

May 5, 2010

ചിത്രങ്ങളില്ലാതെ


ചിത്രങ്ങളില്ലാതെ, ശില്‍പങ്ങളില്ലാതെ
മുത്ത് നബിയെ നാം ഓര്‍ക്കുന്നു
ചിത്തം പര കോടി ഉള്ളില്‍ മരിക്കാതെ
മുത്ത് നബി എന്നും പാര്‍ക്കുന്നു.

ദിക്കെങ്ങുമീണത്തില്‍ ബാങ്കില്‍ മുഴങ്ങുന്നു
മഹ് മുദിന്‍ പേരില്‍ ശഹാദത്ത് .
ദിനംഞ്ചു നേരം നമിപ്പോരുരക്കുന്നു
മനസ്സില്‍ സലാത്തിന്‍ തഹിയ്യത്ത് .

ആദീ മുതല്‍ പല കാലത്തും ലോകത്ത്
വന്നെത്തി ഒട്ടേറെ ജാതികള്‍
ആയിരമായിരം ദര്‍ശനങ്ങല്‍ക്കൊത്ത്
വഴിയെ തിരുത്തിയ ചിന്തകള്‍.

വേരറ്റു പോയാ പുതു പുത്തന്‍ ചിന്തകള്‍
കൂട്ടത്തിലവയുടെ നായകര്‍
വേറിട്ട ശില്‍ പങ്ങള്‍ തീര്‍ക്കുന്നു ചിത്രങ്ങള്‍
കൂട്ടിലടക്കുവാന് പാതകര്‍

മനസിലിടമില്ലാ തെത്ര പേരിങ്ങിനെ
ചിത്രമായ്‌ ചില്ലിട്ടു കൂടുന്നു
മനുജ കുലത്തിന്റെ മോചകരെങ്ങിനെ
ചിതലരിച്ചീ വിധം തീരുന്നു.

നൂറ്റാണ്ട് പതിന്നാലു പിന്നിട്ട കാലത്തും
മൂര്‍ സല്‍ നബിക്കില്ലാ ശില്‍പങ്ങള്‍
നൂറു നൂറായിരം ദേശത്തീ കാലത്തും
മുത്തേ സ്മരിക്കുന്നല്ലോ ഞങ്ങള്‍

താരാട്ട് പാട്ടിനും തേകും കിതപ്പിനും
ചൊല്ലും സലാത്തിന്റെ ശീലുകള്‍
താഹാ റസൂലിന്റെ ഉമ്മത്തികല്‍ക്കെന്നും
ചൊടിയില്‍ സലാമിന്റെ ശീലുകള്‍

മുത്ത് നബിയെന്നും ഉമ്മത്തിന്‍ ഖല്‍ബില്‍
ജീവന്‍ തുടിപ്പായി നില്‍ക്കുന്നു
മുസ്തഫ തങ്ങളെ പിരിശം പട്പ്പില്‍
ജീവിത സാഫല്യമാകുന്നു.

Mar 20, 2010

Oct 19, 2009

മറന്നു പോയ മർമ്മം


ഹർബ്‌ നരർ അമരർ സുരർ അരിരജദുജിൻ, അങ്കം ചിത്രി ചൊർപ്പച്ചം അകത്തൊത്തിട്ടാനെ,സങ്കീർണ്ണമായ വാക്കുകൾ വരി ചേർത്ത്‌ തീർത്ത ഈ ഇശൽ ബദർ യുദ്ധക്കളത്തിലെ അതി നിർണ്ണായകമായ രംഗങ്ങൾ വിവരിക്കുന്നതാണു. പ്രവാച തിരുമേനിയും സഹാബികളും മലക്കുകളും അണിനിരന്ന് അടർക്കളത്തിൽ ശത്രുക്കൾക്കളെ ഛിദ്രമാക്കുന്നു. സഹാബികളുടെ വാസ സ്ഥലത്ത്‌ എത്തിയ ഖുറൈശികൾക്കു നേരെ സിംഹ ഗർജ്ജനവുമായി ചാടിവീണു പിടി കൂടുന്ന വീരശൂരരുടെ ധീരോദാത്തമായ കുതിപ്പുകൾ. അഗ്നി സ്ഫുലീംഗങ്ങളുയർത്തിയ സഹാബത്തിന്റെ പടനീക്കം കാണുന്ന പ്രവാചക്‌ തിരുമേനി...മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിലെ ഈ വർണ്ണന അനുവാചകനെ യുദ്ധ ഭൂമിയിൽ കൊണ്ടു ചെന്നു നിർത്തുന്നു..ഒരൽപം ശ്രവണാനുഭവത്തിനു തലക്കെട്ടിൽ ഞെക്കിയാൽ പാട്ടു കേൾക്കാം



തുടരെ മദ്ദളവും.. ഇശൽ : മത്തിരക്കന്നി


മഹാ കവി മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിൽ നിന്നുള്ള യുദ്ധ സന്നാഹം വർണ്ണിക്കുന്ന ഭാഗം. ബദറിൽ പ്രവാചക തിരുമേനിയോട്‌ അങ്കം കുറിക്കുന്ന അബൂ ജഹലും സംഘവും സായുധരായ അണികൾക്ക്‌ വീര്യം പകരാൻ ഒരുക്കുന്ന സംഗീതത്തിന്റെ ശബ്ദ കോലാഹലം വൈദ്യർ മനോഹരമായി വരച്ചു കാട്ടുന്നു. ബദർ പടപ്പാട്ടിലെ മുപ്പത്തെട്ടം ഇശൽ കേൽക്കാത്തവർ വിരളമായിരിക്കും. പാട്ടിന്റെ വരികൾ വായിക്കൻ ഇവിടെ ചേർക്കുന്നു.ഈ ഗാനം തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ട ഒരു ചാനൽ ക്ലിപ്പിംഗ്‌ വായനക്കാരുടെ ശ്രദ്ധയിൽ പെട്ടു കാണും.
തലക്കെട്ടിൽ ഞെക്കിയാൽ പാട്ടു കേൾക്കാം

അഹദത്തിലെ അലിഫ്‌ അലിഫ്‌ ലാം..


മഹാ കവി മോയിൻ കുട്ടി വൈദ്യരുടെ ബദറുൽ കുബ്‌ റാ എന്ന ബദർ ഖിസ്സപ്പാട്ടിലെ ആദ്യ ഇശൽ. കേട്ടുമാത്രം വരികൾ ഓർക്കുന്നവർ വായിച്ചു നോക്കൂ. പലരും പലകോലത്തിലും പാടുന്ന പാട്ടുകളുടെ ശരിയായ വരികൾ ..
തലക്കെട്ടിൽ ഞെക്കിയാൽ പാട്ടു കേൾക്കാം

അമര സ്മൃതി


പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ ..
അണഞ്ഞു പോയ ആ സൗമ്യ ദീപ്തിയുട്‌ അമര സ്മൃതി..

മെഹ്ഫില്‍




മാപ്പിള കലകളില്‍ ഏറ്റവും അധികം ജനകീയമായതും, മാപ്പിള സാഹിത്യത്തില്‍ വ്യത്യസ്ഥ കാഴ്ചപ്പാടുകളില്‍ വിലയിരുത്ത പ്പെടുന്നെങ്കിലും ഇന്നും നില നില്‍ക്കുന്നതും പുതുതായി രചിക്കപ്പെടുന്നതുമായ ഏക മേഖലയും മാപ്പിളപ്പാട്ട് മാത്രമായിരിക്കും. വ്യവസ്ഥാപിത ശൈലിയില്‍ നിന്നും കടമെടുത്ത് ചെയ്‌താല്‍ പുതിയതെന്തും യഥാര്‍ത്ഥ മാപ്പിള പ്പാട്ടാകും എന്ന വിശ്വാസം മത്സര വേദികളിലെ വിധി നിര്‍ണയ മാനം തീര്‍ത്ത ധാരണകളാണ്. മാപ്പിളമാര്‍ പാടുന്ന പാട്ടാണോ മാപ്പിള പ്പാട്ട് ? മാപ്പിളമാരെ ക്കുറിച്ച് പാടുന്നതാണോ, മനുഷ്യന് മനസിലാകാത്ത സങ്കര ഭാഷ ആണോ അതിന്റെ അടിത്തറ, കാവ്യഗുണം ആവശ്യമാണോ തുടങ്ങി സാധാരണക്കാരന്റെ സംശയങ്ങള്‍ ഏറെയാണ്‌ .
എന്നാല്‍ എന്താണ് മാപ്പിളപ്പാട്ട് , എന്തായാല്‍ മാപ്പിളപ്പാട്ടാകും; ആകില്ല ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
മാപ്പിളപ്പാട്ടിനെ മറ്റു പാട്ടുകളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകങ്ങള്‍ പല തരത്തില്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്‌.
മര്‍ഹൂം ടി.ഉബൈദ്‌ സഹിബ്‌, ( കാസര്‍കോട് സാഹിത്യ പരിഷത് സമ്മേളനത്തില്‍ .എന്‍ വി കൃഷ്ണവാരിയരും പി നാരായണന്‍ നായരുമുള്‍പ്പെടെയുള്ള സാഹിത്യപ്രമുഖരുടെ സാന്നിധ്യത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് മര്‍ഹൂം ടി ഉബൈദ് സാഹിബ് നടത്തിയ പ്രഭാഷണം ശ്രവിച്ച് , മാപ്പിളപ്പാട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാഹിത്യചരിത്രം അപൂര്‍ണമായിരിക്കുമെന്നു ജി ശങ്കരക്കുറുപ്പ് അഭിപ്രായപ്പെട്ടത് മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിള സംസ്‌കാരത്തെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടക്കുന്നത്തിനു വഴി തുറന്നു) മര്‍ഹൂം കെ.കെ. അബ്ദുൽ കരീം, ബാല കൃഷ്ണന്‍ വള്ളിക്കുന്ന്, തുടങ്ങി മാപ്പിളപ്പാട്ടിനെ ക്കുറിച്ച്‌ ആഴത്തില്‍ പഠനം നടത്തിയ പലരും മാപ്പിളത്തനിമയും , കേള്‍ക്കാന്‍ ഇമ്പമുള്ള ഈണവും, പ്രാസ ദീക്ഷകളും മുഖ്യമാണെന്ന അഭിപ്രായത്തിലാ‍ാണു എത്തിച്ചേരുന്നത്‌. മാപ്പിള സംസ്കാരത്തിന്റെ തനതു പാരമ്പര്യം നില നിര്‍ത്തുന്നതോടൊപ്പം
അവാച്യമായ ഒരനുഭൂതി കേള്‍വിക്കാര്‍ക്കു സമ്മാനിക്കാന്‍ പര്യാപ്തമാകുന്നതുമാകണം മാപ്പിളപ്പാട്ടുകള്‍ . ഈ രംഗത്ത്‌ അറിയപ്പെടുന്ന ഗവേഷകരിലൊരാളാണു ഡോ. എം.എന്‍ . കാരശ്ശേരി. കാരശ്ശേരി മാഷ്‌ പക്ഷെ മാപ്പിളപ്പാട്ടുകളിലെ ചില പരമ്പരാഗത മാനങ്ങളെ യുക്തി ഭദ്രമായ വിചാരണക്കു വിധേയമാക്കുന്നുണ്ട്‌. നമുക്ക്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ നോക്കാം. (കാഴ്ച വട്ടം) ഡോ. എം. എന്‍ . കാരശ്ശേരി.

മാപ്പിളപ്പാട്ടും മാപ്പില്ലാ പാട്ടും

കാതടപ്പിക്കുന്ന വാദ്യ സംഗീതത്തിനൊപ്പം മൊഞ്ച്‌, ഖല്‍ബ്‌,ഹുബ്ബ്‌, തുടങ്ങി ചില പദങ്ങളും ഒരു മുസ്ലിം പെണ്ണിന്റെ പേരും ചേര്‍ത്ത്‌ ഇന്നു നാം കേള്‍ക്കുന്ന പുലമ്പലുകളാണു മാപ്പിളപ്പാട്ടെന്ന് ധരിക്കരുത്‌. ഏതെങ്കിലും ചില അറബി പദങ്ങള്‍ ശബ്ദമോ അര്‍ഥമോ അറിയാതെ ആനേ കോനേ എന്നു ചേര്‍ത്താല്‍ മാപ്പിളപ്പാട്ടാകുമോ?
പാരമ്പര്യത്തിന്റെ മഹത്വം ഏറെപ്പറയാനുണ്ട്‌ മാപ്പിളപ്പാട്ടുകള്‍ക്ക്‌. ഇന്നതിനു വന്നു ചേര്‍ന്ന മൂല്യ ശോഷണത്തിനു ആരെയും പഴി പറഞ്ഞിട്ട്‌ ഫലമില്ല. അക്ഷരങ്ങള്‍ ചേര്‍ത്തെഴുതാന്‍ ( തെറ്റുകൂടാതെ വേണമെന്ന് നിര്‍ബ്ബന്ധമില്ല ) അറിയാവുന്നവര്‍ക്കാര്‍ക്കും മാപ്പിളപ്പാട്ട്‌ രചിക്കാമെന്ന അവസ്ഥ. പാടിക്കേള്‍ക്കാനുള്ളതാണ് മാപ്പിളപ്പാട്ടുകള്‍ .. സമ്മതിക്കാം. പാടിക്കേള്‍ക്കാന്‍ മാത്രമുള്ളതാണു എന്നു പറയരുത്‌. കവിതകള്‍ പോലെ വായിക്കപ്പെടുന്നതല്ല എന്ന കാഴ്ചപ്പാട്‌ കൊണ്ടാകണം മാപ്പിളപ്പാട്ട്‌ സമകാലികങ്ങളിലോ പുസ്തക രൂപത്തിലോ പ്രസിദ്ധീകരിക്കപ്പെടാത്തത്‌. എന്നാല്‍ ചരിത്രം മറിച്ചാണു. മാപ്പിള സമൂഹത്തിന്റെ വിശ്വാസ , ആചാര, അനുഷ്ടാന കാര്യങ്ങള്‍ , ആഘോഷ, വിനോദ, നര്‍മ്മ മെഖലകളിലെല്ലാം അതതു രംഗത്തെ നിപുണര്‍ ആശയ വിനിമയത്തിന്റെ മഹാ സാദ്ധ്യതകള്‍ കണ്ടെത്തിയതു തീര്‍ത്തും ജനകീയമായ മാപ്പിളപ്പാട്ടിലൂടെ ആയിരുന്നു. അത്‌ വായ്പ്പാട്ടു കാലം, തുകല്‍ വാദ്യങ്ങളുടെ അകമ്പടി പോലും സസൂക്ഷ്മം... മറ്റു വാദ്യ സംഗീതങ്ങളുടെ അകമ്പടിയോടെ പിന്നെ പ്പിന്നെ മാപ്പിളപ്പാട്ടുകള്‍ കാലത്തിനൊപ്പം ചേര്‍ന്നു.. അതിന്റെ നന്മകള്‍ മാത്രം വളര്‍ച്ച മുരടിച്ചു.. ഇസ്ലാമിക മാനത്തെ കുറിച്ചല്ല ചര്‍ച്ച ചെയ്യുന്നത്‌, ഗ്രാമഫോണ്‍ റെക്കോര്‍ഡുകളില്‍ ശബ്ദലേഖനം ചെയ്യപ്പെട്ട ആദ്യ മലയാള ഗാനം ഗുല്‍മുഹമ്മദിന്റെ മാപ്പിളപ്പാട്ടായിരുന്നു എന്നറിയുമ്പോള്‍ , ഇതെത്ര മാത്രം ജനകീയമായിരുന്നു എന്നു മനസ്സിലാക്കം. ഈ ഗാന ശാഖയുടെ വളര്‍ ച്ചയ്ക്കൊപ്പം സാഹിത്യം വളരാതെ പോയതിനു വ്യത്യസ്ത കാരണങ്ങളുണ്ട്‌. ഇസ്ലാമിക വീക്ഷണം അവയില്‍ മുഖ്യമാണ്‍. വിനോദോപാധിയായി മാത്രം പരിണമിച്ച മാപ്പിളപ്പാട്ടുകളെ നിഷിദ്ധമായ മറ്റേതു വിനോദങ്ങള്‍ക്കുമൊപ്പം മത നേതൃത്വം മാറ്റി നിര്‍ത്തിയതും ഈ രംഗത്തെ ശൈഥില്യത്തിനു കാരണമായിരിക്കണം. മദ്യം തന്നെ നിഷിദ്ധമായ നമുക്ക്‌ മദ്യത്തിലെ മായത്തെ കുറിച്ചെന്തിനു ആകുലപ്പെടണം എന്ന ചിന്ത. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ പൊതു മുതല്‍ പിന്നെ കണ്ടവരൊക്കെ കയറി നിരങ്ങിയില്ലെങ്കിലല്ലേ അതിശയപ്പെടാനുള്ളൂ. എന്നാല്‍ ഈ കോലാഹലങ്ങള്‍ക്കിടയിലും മാപ്പിളപ്പാട്ടിനെ, ഈ സാഹിത്യത്തെ, മഹദ്‌ പാരമ്പര്യത്തിന്റെ നന്മകല്‍ ചോരാതെ, കൈ പിടിച്ചവരെ വിസ്മരിക്കുന്നില്ല.. ബാഗുസ്സുറൂറിലെ പൂങ്കാറ്റും, മസ്‌ നവികള്‍ തീര്‍ത്ത ഇശ്ഖിന്റെ മൊഴി മധുരവും ഇടക്കൊക്കെ പിറകൊണ്ടതും, അതിന്നും ഗൃ‍ഹാതുരത്വമുണര്‍ത്തുന്ന നിത്യ സുമങ്ങളായി സുഗന്ധം പരത്തുന്നതും മറക്കുന്നില്ല. മർഹൂം ടി. ഉബൈദ്‌, മർഹൂം പി.ടി. അബ്ദുറഹ്മാന്‍ , മെഹര്‍ , എം എ കല്പറ്റ .. അംഗുലീ പരിമിതം, ആധുനിക മാപ്പിളപ്പാട്ടെഴുത്തുകാരില്‍ കവികളായുള്ളവര്‍ ....

May 31, 2009

ചിരകാല മോഹം


റൌളാ ശരീഫൊന്ന് ചെന്ന്‍ കാണാന്‍ കൊതിയില്ലേ
റഹ് മത്തെ ആലം ഹബീബുറങ്ങുന്ന നാടല്ലേ
മരതകം ചാര്‍ത്തിയ ഖുബ്ബ കാണാന്‍ കൊതിയില്ലേ
മഹ് മൂദ് താഹ ഹബീബുറങ്ങുന്ന വീടല്ലേ

ചിരകാല മോഹം ഞാന്‍ ഹുദ് ഹുദാ കിളി യായെങ്കില്‍
ചിറകേറി പാറി മദീന ദേശത്തണഞ്ഞേനേ
കാലടിപ്പാടിന്നു ആയുസ്സെന്‍ മുന്നിലുണ്ടെങ്കില്‍
കാതങ്ങള്‍ താണ്ടി മദീനത്തേക്ക് നടന്നേനെ

അര്‍ ശില്‍ തിളങ്ങിയ ഖല്‍ഖിന്‍ നാമം ഒന്നേതാണ്
അശ് റഫുല്‍ ഖല്‍ഖ് മുഹമ്മദെന്ന കുറിയല്ലേ
ആദം കുലത്തിന്റെ സയ്യിദായ് വന്നതാരാണ്
ആ മുഗ്ധ മേനി പിറന്നതല്‍ അമീനായല്ലേ

മേഘം തണലിട്ടു നിന്നതാര്‍ക്കെന്നറിയില്ലേ
മേതയര്‍ വാഴ്ത്തും നബിയെ കാണാന്‍ കൊതിച്ചില്ലേ
ബദ് റെ പിളര്‍ത്തിയ കേളിയാകെ പരന്നില്ലേ
ബൈഅത്ത് ചെയ്യുവാന്‍ ഉള്ളം കോരിത്തരിച്ചില്ലേ

ജിബ് രീലുമൊന്നിച്ചു വാന ലോകത്ത് ചെന്നില്ലേ
ജബറൂത്തിന്‍ നാടേഴും താഹയെ എതിരേറ്റില്ലേ
ജിന്നിന്നും ഇന്‍സിന്നും ഒന്നായ്‌ വന്ന റസൂലല്ലേ
ജന്നാത്തിലേക്കുള്ള നേര്‍ വഴി കാട്ടി ത്തന്നില്ലേ

മരു മണല്‍ക്കാടിന്റെ കുളിരാം ദേശം മദീനത്ത്
മനക്കണ്ണാല്‍ കാണുന്ന സ്വര്‍ഗീയാരാമം ദൂരത്ത്
ആ പുണ്യ ഗേഹത്തില്‍ എത്തും ഞാനും വിരുന്നിന്ന്‍
ആയിരം കാതങ്ങള്‍ താണ്ടി ദൂരെ ദൂരെ നിന്ന് .....