അജബാലൊരാകാശ മേലാപ്പൊരുക്കീ ... അടിയില്‍ ഈ ഭൂമി യില്‍ ജന വാസമാക്കീ ... ഇരുളും വെളിച്ചം പകല്‍ രാവൊരുക്കീ ... ഇണയായ് പടപ്പിന്റെ എണ്ണം പെരുക്കീ ...

Jan 31, 2015

Jul 22, 2013

ഇടത്താവളം

ഈ ദുനിയാ വൊരു -
ഇടത്താവളം ....

ഇമ വെട്ടുമിടവേള കഴിയുമ്പോളിസ്റാഫീൽ 
ഇടപെടും  ഹശ് റിന്റെ വിളി കാഹളം ....
ഈ ദുനിയാ വൊരു-
ഇടത്താവളം ...


നന്മകൾ  നാം ചെയ്ത തിന്മകൾ കാണിച്ച് -
നമ്മുടെ ഏടുകൾ തരും ദിവസം ...

വിധി നിര്‍ണ്ണയത്തിൻ  നേരം വിയര്‍പ്പിൽ കുളിപ്പിച്ച് -   
വിളവെടുപ്പ റിയുന്ന ഒരു ദിവസം 

( ഈ ദുനിയാ ... )

ഈമാനുമിസ് ലാമും ഇഹ്സാനും ഉണ്ടെങ്കിൽ  
ഈ ജന്മ സാഫല്യം തേടാമിനി  ...

മീസാനില്‍ നന്മകൾ കനം  തൂങ്ങിയെങ്കിൽ 
മീറാസ്  ജന്നാത്തുൽ ഫിര് ദൗസിനി ....
( ഈ ദുനിയാ ... )

Sep 22, 2012

കുളിര്‍ മഴ

കനലെരിയും കാലത്തിന്‍ കഥ പറയും നാടന്ന്  
കരളൊടു ചേര്‍ത്താരംഭ തിരു നബി നൂറെ - വാഴ്ത്തിയ 
കവിതക ളാ മോദത്തിന്‍ കുളിര്‍ മഴായീ  .....

തലഅ അലൈനല്‍ ബദ്റു വജബ അലൈനാ ശ്ശുക്റു
തഴുകി വരും കാറ്റിന്റെ മറു മൊഴിയായി - ലോകം
തശ് രിഫ് പാടീ ഇന്നും വാഴ്ത്തുകയായീ..   

മനസിത ദേശം തീര്‍ത്ത മധു കരമാം ആ വാര്‍ത്ത 
മതിഹര ഗീതീ എങ്ങും ഉയരുകയായി - നബിയുടെ
മദ് ഹുകളാല്‍ നാടൊന്നായ് ഉണരുകയായീ ..

ഖസ് റജി ഔ സും രണ്ട് കുലമവിടെ പാര്‍പ്പുണ്ട്
കലഹിതരായ് നൂറ്റാണ്ടു പലതു കഴിഞ്ഞെ - അവരുടെ
കരളുകളൊന്നായ്  തീര്‍ത്ത സുദിനമണഞ്ഞേ ..

ഉതവി മദീനാ മണ്ണിന്‍ ഉടയവരാമന്സാരി
ഉയരുകയായ് സ്നേഹത്തിന്‍ തിരു സഹചാരി  - നബിയുടെ
ഉപചരണം മോഹിച്ച്  ഉള്‍കുളിര്‍കോരി ...

Aug 17, 2012

ഈദുല്‍ ഫിതറിന്‍ ഈണം


ഈദുല്‍ ഫിതറിന്‍ ഈണം.
ഈവിധ പുകള്‍ വേണം .
ആനന്ദം  പകരുന്നു.
ആശംസ ചൊരിയുന്നു.
ആഘോഷങ്ങള്‍  ...
എങ്ങും -
തക്ബീറിന്‍ ധ്വനി കേള്‍ക്കും  പെരുന്നാളല്ലോ...  
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍..
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്..

റമളാനില്‍ പകല്‍ കാലം നോമ്പിന്റെ പുണ്യം.
റഹ് മത്തിന്‍  മാസത്തില്‍  ഖൈറാല്‍   അഗണ്യം.
റബ്ബി ന്റെ മുന്നില്‍ തിരുത്തുന്നു  ഗര്‍വം.
റയ്യാന്‍ കൊതിച്ചു സമര്‍പ്പിച്ച്‌  സര്‍വം . 
പോയ്‌ മറഞ്ഞു.
കാലം.
പോയ്‌ പോയ  നഷ്ടങ്ങള്‍  ആരറിഞ്ഞു..


ഫര്‍ളായ  ഫിത്‌ ര്‍  സകാത്തിന്റെ കര്‍മം.
ഫലമായൊരാഘോഷ  സുദിനത്തിന്‍  ധര്‍മം.
വിശ്വ സ്നേഹത്തിന്റെ  ഇശല്‍  മൂളുമധരം.
വിശ്വാസികള്‍ക്കിന്നു  പെരുന്നാളിന്‍  മധുരം. 
ഓതിടുന്നു-
ലോകം-
ഓരായിരം നന്മ നേര്‍ന്നിടുന്നു ...

ഈദ് മുബാറക്

 ആനന്ദ പൊരുള്‍  നബി മഹ് മൂദിന്‍ ഉമ്മത്തിന്ന്...
അതിമോദ തിരുവരുള്‍ പെരുന്നാള് ...
അതിമോദ തിരുവരുള്‍ പെരുന്നാള് ....
അതിരറ്റ സുറൂ റിന്റെ മധുമന്ത്രം മുഴങ്ങുന്നു..
 തക്ബീറിന്‍  പെരുമയില്‍ പെരുന്നാള് ...
തക്ബീറിന്‍  പെരുമയില്‍ പെരുന്നാള് ...
യാ ഫര്‍ഹാന്‍  യാ ഫര്‍ഹാന്‍ 
ഈദ് മുബാറക്  യാ ഫര്‍ഹാന്‍ ...
ഇബാദത്തിന്‍  റമളാനില്‍ ഇഖ് ലാസില്‍ കഴിഞ്ഞുള്ള
ഇബാദി ന്‍റെ അകം കുളിര്‍ ചൊരിയുന്നേ ...
ഇശലിന്റെ ഇളം കാറ്റില്‍ പകരുന്നു  സുഗന്ധത്തിന്‍...
ഇരസപ്പൂ വിടരുന്ന പെരുന്നാള് ...
യാ ഫര്‍ഹാന്‍  യാ ഫര്‍ഹാന്‍
ഈദ് മുബാറക്  യാ ഫര്‍ഹാന്‍ ...

പുലര്‍ കാലം ഉണര്‍ന്നിട്ട്   പുതു പുത്തന്‍ ഉടുപ്പിട്ട്
പുതുമോടി പുണരുന്ന സ്നേഹിതരേ...
കുതുകത്തിന്‍ കുതിപ്പിലും കുടുംബം കണ്‍ കുളിര്‍ത്തിട്ട്
കുശലങ്ങള്‍   പറയുന്ന  പെരുന്നാള് ...

Jul 20, 2012

റയ്യാന്‍


സുബര്‍ക്ക ത്തിന്‍ കവാടങ്ങള്‍ തുറന്ന കാലം
സുബഹി തൊട്ടുറൂബോളം സിയാമിന്‍ കാലം ...
ശഹ് റു  റമദാന്‍ .... ശഹ് റു  റമദാന്‍ ....

അര്‍ശിന്‍ താഴ് വരയില്‍ നിന്നൊരു  പൂങ്കാറ്റടിച്ചല്ലോ ... 
അലംകൃത  സുവനത്തില്‍  വലം വെച്ചല്ലോ..
മണ്ണില്‍ ..
അനുഗ്രഹ തിരുമാസം പിറന്നുവല്ലോ ....

ജഹ് ലിന്റെ ഇരുള്‍ നീക്കി അറിവിന്‍  പൊന്‍ കതിര്‍ വീശി..
ജലാലിന്റെ ഖുര്‍ആന്‍ വന്നണഞ്ഞ മാസം ...
ഹിറയില്‍ ..
ജബ്റാഈല്‍  നബിയോരെ പുണര്‍ന്ന മാസം ....

ഇലാഹിങ്കല്‍ അകം പുറം ഇബാദ ത്തില്‍  സമര്‍പ്പിച്ച്‌ ...
ഇരവേറെ ഹയാത്താക്കും ഖിയാമിന്‍  മാസം.. 
ലോകര്‍ ..
ഇഖ് ലാസില്‍  വ്രതശുദ്ധി വരുത്തും മാസം.. 

വിചാരങ്ങള്‍ തടയിട്ട്  വികാരത്തിന്‍ വഴി വിട്ട്..
വിശുദ്ധിയില്‍ അടുത്തറിഞ്ഞിടും  പൈദാഹം...
നാളെ ..
വിളി കേള്‍ക്കാന്‍ വിധി,  റയ്യാന്‍ കടക്കാന്‍ മോഹം ...

May 5, 2012

മനസിന്റെ തേരില്‍

മക്കാ-
ഇതുമ്മുല്‍ ഖുറാ..
മണ്ണിതിലാദ്യത്തെ  പുണ്യ ഗേഹം ...
മതി വരുവോളം കണ്ടു നിന്നൂ 
ഞാന്‍
മനസിന്റെ തേരില്‍ പറ പറന്നു ......
വെളിച്ചം ചുരത്തും മിനാരങ്ങളന്നില്ല
വെണ്ണക്കല്‍ പാകിയ തിരു മുറ്റമില്ല
കുടിനീര് കിട്ടാത്ത  കനി കായ്കള്‍ വിളയാത്ത 
ഊഷര ഭൂമിയിതില്‍
കനിമോനെ യും തന്റെ പ്രിയപ്പെട്ട വീടരെ
തനിച്ചാക്കി പോയ നേരം   
എല്ലാം 
തവക്കുലില്‍  ചേര്‍ത്ത നേരം ....

കരിമ്പാറക്കുന്നുകള്‍ക്കിടയിലീ മരു ഭൂമി   
കഠിന മാം ചൂടില്‍ ഉരുകിയ സുര ഭൂമി
ഖലീലിബ് റാഹിമിന്‍ വിയര്‍പ്പില്‍ കുതിര്‍ന്നപ്പോള്‍ 
കഅബാ ഉയര്ന്നുവല്ലോ ..
കവാടത്തിലിന്നു ഞാന്‍ മുഖം  ചേര്‍ത്തു നില്‍ക്കുമ്പോള്‍ 
കളം കേള്‍ക്കുമാ വിളിപോല്‍
റബ്ബിന്‍
ഖലീലിന്‍ നിദാ തെളി പോല്‍

Feb 16, 2012

വിളിയാളം



ഇബ് റാഹിം നബിയുടെ വിളിയാളം
ഇതു വഴിയടയാളം 
ഇഹ് റാമില്‍ പലവഴി ഒഴുകി - 
അറ ഫയില്‍ ഒരു കടലായ്

തല്ബിയത്തില്‍ മനമുരുകുന്നു
തസ് കിയത്തില്‍ തപസലിയുന്നു
അറഫയില്‍ നിന്നു മടങ്ങുന്നു
മുസ്ദലിഫ രാപാര്‍ക്കുന്നു ... ( ഇബ് ... )
ജംറത്തുല്‍ അഖബാ  എറിയുന്നു
ജപ മുറയില്‍ മുടി നീക്കുന്നു
ക അ ബാ തവാഫിനൊരുങ്ങുന്നു
ബാബു സ്സലാമില്‍ കടക്കുന്നു (ഇബ് .. )
ഹജറുല്‍ അസ് വദ്   മുത്തുന്നു 
മുല്തസിം നേരില്‍ കാണുന്നു 
സംസം കൊതി തീരെ മൊത്തുന്നു
സഫ മര്‍വ ക്കിടയില്‍ നടക്കുന്നു.. ( ഇബ് .. )
മിനയില്‍ പോയ്‌ രാത്രി വസിക്കുന്നു
ജമ്രകളില്‍ കല്ലെറിയുന്നു..
ഹജ്ജിന്റെ പുണ്യങ്ങള്‍ നേടുന്നു
ഹംദിന്റെ മന്ത്രം മുഴങ്ങുന്നു
അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍ 
അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് .... ( ഇബ്... )

Feb 15, 2012

ജന്മ സാഫല്യം


സുകൃതങ്ങളാല്‍ ജന്മ  സാഫല്യം  തേടാം..

സുബര്‍ക്കം കൊതി കൊണ്ട്  കര്‍മങ്ങള്‍ വീടാം..
ഹിദായത്ത് ഖല്‍ബില്‍ ഉറപ്പിച്ച്  പോയാല്‍.. 
ഹിതമഹിതങ്ങള്‍ ഇലാഹിങ്കലായാല്‍..

ശഹാദത്ത്  രണ്ടു കലിമത്ത് ബിണ്ട്...
ശരിയായ ദീനിന്‍ വഴി നില കൊണ്ട് ...
ദിനമഞ്ചു നേരം നമസ്കാരമുണ്ട്...
തിടം മുതല്‍ രണ്ടിനും സകാത്തു കളുണ്ട്...

റമ ദാനില്‍ നോമ്പ് ഒരു മാസ കാലം...
റഹ് മത്തിന്‍  നാമ്പ് ഇബാദ ത്തിന്‍ കാലം... 
കഴിവുള്ള കാലം  വഴി മുതല്‍ മെയ്യെ...
കഅബാ ശരീഫിങ്കല്‍ ഒരു ഹജ്ജ്  ചെയ്യെ...

ഇസ് ലാമിനഞ്ചു കരുത്തുറ്റ സ്തംഭം
ഇഴ ചേര്‍ത്ത് ജന്‍മം ജയിച്ചു കദംബം
ഇടഞ്ഞെന്നുമെന്നും പിഴപ്പിച്ച കര്‍മ്മം   
ഇബ് ലീസിന്‍ തന്ത്രം തകര്‍ക്കുന്ന മര്‍മ്മം..

Feb 13, 2012

വരവേല്‍പ്പ്

കനലെരിയും കാലത്തിന്‍ കഥ പറയും നാടന്ന്  
കരളൊടു ചേര്‍ത്താരംഭ തിരു നബി നൂറെ - വാഴ്ത്തിയ 
കവിതക ളാ മോദത്തിന്‍ കുളിര്‍ മഴായീ  .....

തലഅ അലൈനല്‍ ബദ്റു വജബ അലൈനാ ശ്ശുക്റു
തഴുകി വരും കാറ്റിന്റെ മറു മൊഴിയായി - ലോകം
തശ് രിഫ് പാടീ ഇന്നും വാഴ്ത്തുകയായീ..   

മനസിത ദേശം തീര്‍ത്ത മധു കരമാം ആ വാര്‍ത്ത 
മതിഹര ഗീതീ എങ്ങും ഉയരുകയായി - നബിയുടെ
മദ് ഹുകളാല്‍ നാടൊന്നായ് ഉണരുകയായീ ..

ഖസ് റജി ഔ സും രണ്ട് കുലമവിടെ പാര്‍പ്പുണ്ട്
കലഹിതരായ് നൂറ്റാണ്ടു പലതു കഴിഞ്ഞെ - അവരുടെ
കരളുകളൊന്നായ്  തീര്‍ത്ത സുദിനമണഞ്ഞേ ..

ഉതവി മദീനാ മണ്ണിന്‍ ഉടയവരാമന്സാരി
ഉയരുകയായ് സ്നേഹത്തിന്‍ തിരു സഹചാരി  - നബിയുടെ
ഉപചരണം മോഹിച്ച്  ഉള്‍കുളിര്‍കോരി ...

Feb 11, 2012

കുളിരായി സംസം



ഇളം പൈതലി സ്മായില്‍ ഇടവിട്ട്‌ തേങ്ങുന്നു 
ഇട നെഞ്ച് പിടഞ്ഞു ഹാജറ ഓടുന്നു
മര്‍വ
സഫ കുന്നുകളില്‍ ചെന്ന് അവര്‍ നോക്കുന്നു

ഇത് വഴി വരുമേതെങ്കിലും  കാഫിലകളുണ്ടോ   
ഇവളുടെ ഉരുക്കത്തിന്ന തിര്‍ത്തി യുണ്ടോ ...
വിണ്ണില്‍ 
ഇലാഹിങ്കലുയര്‍ത്തും കൈ മടക്കമുണ്ടോ ...

വിജനമാ മരുഭൂവില്‍ വിളിക്കുത്തരം വന്നു
വിധി വിലക്കുടയോന്റെ ദയ പടര്‍ന്നു
മണ്ണില്‍ 
വിലോലമാ പദം പതിഞ്ഞിടം കുതിര്‍ന്നു

ചുടു നെടു വീര്‍പ്പിന്റെ കൊടുങ്കാറ്റൊന്നടങ്ങി
കുടു കൂടെ ഒഴുകി യോ രുറവ പൊങ്ങി
സംസം
കുടിച്ചു കൊണ്ടവര്‍ രബ്ബിന്‍ മുന്നില്‍ വണങ്ങി
അലിവിന്റെ തിരു തീര്‍ത്ഥം അടങ്ങാതെ ഒഴുകീ
അതിരിട്ടു നിര്‍ത്തി  സംസം തടം തഴുകീ 
ലോകര്‍ക്ക 
അടങ്കലും അത് ദാഹ ശമനം നല്‍കീ...

Dec 18, 2011


മയ്യഴി: പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും മാപ്പിളപ്പാട്ട് സംഗീത സംവിധായകനുമായ പി.സി. ലിയാഖത്ത് വടകര (57) അന്തരിച്ചു. ദീര്‍ഘകാലം രോഗശയ്യയിലായിരുന്നു. വെള്ളിയാഴ്ച മാഹി ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം.

പുതിയ തലമുറയുടെയും പഴയ തലമുറയുടെയും പ്രിയപ്പെട്ട ഗായകനാണ്. 12 വയസ്സുമുതല്‍ പാട്ട് പാടിത്തുടങ്ങി. നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

മൂസ എരഞ്ഞോളി, പീര്‍മുഹമ്മദ് എന്നിവര്‍ ലിയാഖത്ത് സംഗീതം നല്‍കിയ നിരവധി ഗാനങ്ങള്‍ ആലപിച്ചു. പ്രപഞ്ചനാഥന്‍ എന്ന ആല്‍ബത്തിലെ പ്രപഞ്ചനാഥാ... ഇടനെഞ്ച് പൊട്ടി... എന്ന ഗാനം ഒരു കാലഘട്ടത്തില്‍ എല്ലാവരുടെയും ചുണ്ടുകളില്‍ തത്തിക്കളിച്ചിരുന്നു. മൂസ എരഞ്ഞോളിയാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനം ഉള്‍പ്പെടെ നിരവധി ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകനാണ്. നേരം വെളുക്കുന്നേരം വല വീശാന്‍ പോയല്ലോ എന്ന ഗാനവും ഏറെ ഹിറ്റായിരുന്നു. ഏറ്റവുമേറെ ഹിറ്റായ 'മധുവര്‍ണപ്പൂവല്ലേ നറുനിലാപൂമോളല്ലേ. ലംഗിമറിയുന്നോളെ' എന്ന ഗാനത്തിനും സംഗീതം നല്‍കിയത് ലിയാഖത്താണ്.

ഭാര്യ: മാഹി മഞ്ചക്കല്‍ ചെള്ളത്ത് സുഹ്‌റ. മക്കള്‍: ഫൈസല്‍, ലിയാസ്, നസല്‍, റഹീന, സനീറ, ഹസീന. മരുമക്കള്‍: ബഷീര്‍ (സലാല), ഫാത്തിമ, റഫീഖ് (അബുദാബി), അയൂബ് (കൊല്ലം)

Aug 19, 2011

ജിദ്ദ


ചെങ്കടല്‍ തീരത്തെന്‍ മാതാ മഹി ഹവ്വ-
ബീവീ യുറങ്ങുന്ന നാട് ജിദ്ദ.
തൊങ്കലിശല്‍ മൂളി മാലോകരില്‍ സര്‍വ്വ- 
ബീജിയായ് തീരുന്നു മാറ്റി സ്പര്‍ദ്ദ.

ഈ ദുനിയാവില്‍ ഒരറ്റത്ത് നിന്ന് 
ഓടി നടന്ന്  തന്‍ കാന്തനെ  തേടി.
ഈറ്റ് നോവിന്‍ മുമ്പ് വേദന തിന്നു 
പേടി മറന്നു മുലാഖാത്ത് വീടി 

സ്വര്‍ഗ്ഗത്തിലന്നു പിശാചിന്‍റെ പക്കം 
നിന്നതില്‍  എന്നും മനസ്താപമായി.
സ്വന്തമിണയെ പിരിഞ്ഞാദ്യ ദുഃഖം
നിസ്യത  ബാഷ്പം പരിഹാരമായി.

മക്കളെ കാണാന്‍ കൊതി യാല്‍ ഒരുങ്ങി  
വാത്സല്യ പൂര്‍വ്വം വിളിക്കുന്നു ഉമ്മാ.
മക്കയിലേക്കുള്ള വഴിയില്‍ ഉറങ്ങി   
വാരിപ്പുണരാന്‍ നിശബ്ദം ഹലുമ്മാ..

Jun 25, 2011

മാപ്പിളപ്പാട്ട് രചയിതാക്കളിലെ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യം എസ്. എം
ജമീലബീവി നിര്യാതയായി.
ഇസ്ലാമിക പൈതൃകത്തെയും പരമ്പരാഗത വിഷയങ്ങളെയും , ചിലപ്പോഴൊക്കെ വേറിട്ട ചിന്തകളെയും തന്റെ രചനകള്‍ക്ക് വിധേയമാക്കിയ ജമീലാ ബീവി വിമര്‍ശനങ്ങള്‍ക്കും ഏറെ വിധേയയായ എഴുത്ത് കാരി ആയിരുന്നു. പന്ത്രണ്ടാം വയസ്സില്‍ കൂട്ടുകാരിക്ക് എഴുതിയ കത്ത് പാട്ടിലൂടെ തുടങ്ങിയ പാട്ടെഴുത്ത്.
പ്രാഥമികവിദ്യാഭ്യാസംമാത്രം നേടിയ ഒരു മുസ്ലിം സ്ത്രീ ...
ഉയര്‍ന്ന ചിന്തകളും ഭക്തിയും ചരിത്രവും സ്ത്രീ ശാക്തീകരണവും മത സൌഹാര്‍ദ്ദവും ഒക്കെ വിഷയമാക്കി.
"സുബ്ഹി ബാങ്ക് കേട്ടു മനസ്സുണര്‍ന്നേ.. " , "ആകെ പ്രപഞ്ചങ്ങള്‍ക്ക് .... " , "'സുബഹാനെ മറന്നിട്ടു കളിക്കണ്ട മനുജാ", "പെണ്ണ് പിറന്നാല്‍ ... " തുടങ്ങി നിരവധി ജന പ്രിയ ഗാനങ്ങള്‍ ഇവരുടെതാണ്.
പ്രശസ്ത ഗായകര്‍ യേശുദാസ്, മാര്‍ക്കോസ്, സുജാത, സിബല്ല സദാനന്ദന്‍ തുടങ്ങിയവരും, ജമീലാ ബീവിയുടെ മകന്‍ സയ്യിദ് മഷ്‌ഹൂദ്‌ തങ്ങളും ആലപിച്ച ഒട്ടനേകം ഗാനങ്ങള്‍ .
തൊള്ളായിരത്തോളം രചനകള്‍.
"മുസ്ലിം സ്ത്രീകളുടെ ആവലാതി " ഗാന രചനകളുടെ സമാഹാരമാണ്.
ഈ അനുഗ്രഹീത തൂലികയിലൂടെ പുറത്തു വന്ന മാപ്പിള പ്പാട്ടുകളില്‍ പലതും പുരുഷ മേധാവിത്തം നില നിര്‍ത്തുന്ന രചനാ രംഗത്തെ അത്ഭുതപ്പെടുത്തുന്ന ലക്ഷണമൊത്ത മാപ്പിളപ്പാട്ടുകള്‍. ജമീലാ ബീവിയുടെ നിര്യാണത്തോടെ മാപ്പിള പ്പാട്ടുകളിലെ പെണ്ണെഴുത്തിന്റെ അപൂര്‍വ സൌഭാഗ്യങ്ങളില്‍ ഒന്നാണ് മാപ്പിള സാഹിത്യത്തിനു നഷ്ടമാകുന്നത്.

Mar 27, 2011

പ്രവാസം


ഈ പ്രവാസ മണ്ണിലേക്കന്നം തെരഞ്ഞു വന്നവര്‍
ഇക്കരേക്കുറ്റോര്‍ക്കൊജീനം തേടി വന്ന് നിന്നവര്‍
ചിറകരിഞ്ഞ കിളിക്കു വേണ്ടി കൂടൊരുക്കീടുന്നവര്‍
ചിതലരിച്ച കിനാക്കളെ മാറോടണച്ചു പുണര്‍ന്നവര്‍

ഉരുകിയുരുകി തീരുമൊരു തിരിയായ് ജ്വലിച്ച ചെരാതുകള്‍
ഉടലുരുക്കി തീര്‍ത്ത നീറ്റിലലിഞ്ഞു തീരും ദലനികള്‍
ഉമ്മറപ്പടി വാതിലില്‍ നമ്മെ പിരിഞ്ഞു കരഞ്ഞവര്‍
ഉള്ളുരുക്കം കൊണ്ട് മാറാ ദീനരായ് തളര്‍ന്നവര്‍

ആരറിഞ്ഞു പിരിഞ്ഞ നേരം തന്ന യാത്രാ ചുംബനം
ആഖിറത്തില്‍ കാണുവോളം നീളുമെന്നാ വന്ദനം
ജീവനോടെ റൂഹ് വേര്‍പിരിഞ്ഞു പോകും വേദനാ
ജീവിതത്തിലറിഞ്ഞവര്‍ നാം മാത്രമാണാ ചേതനാ

വില കൊടുത്തുമിനീരിറക്കാന്‍ വിധി ഹിതം ലഭിച്ചവര്‍
വില മതിക്കാത്താശ്രയം നാടിന്നു നല്കീടുന്നവര്‍
തലയിണക്കടുത്തലാറം വെച്ചുറങ്ങിയുണര്‍ന്നു നാം
തടി തളര്‍ത്തും പണിയെടുത്ത് സഹിച്ചതാത്മ പീഡനം

സഫര്‍ പോയാല്‍ നാലുമാസക്കാലമാണെന്നാ ഹിതം
സബബ് കൊണ്ടാണെങ്കിലും പാഴാക്കി നമ്മള്‍ ജീവിതം
മാളിക പണി തീര്‍ക്കുവാനീ ജീവിതം ഹോമിച്ചവര്‍
മാത്ര് സ്നേഹത്തിന്നു വേണ്ടി എത്രയോ ദാഹിച്ചവര്‍

മോഹമാണോ ഈ പ്രവാസ സങ്കടത്തിന്‍ ഹെതുകം
മോഹമേറ്റി വന്ന നാള്‍ തൊട്ടാധിയാണ് ഖല്‍ബകം
സാംഗമം കൊതിച്ചുരുകും പ്രാര്‍ഥനയില്‍ സാന്ത്വനം
സാധിമ തരുന്ന റബ്ബില്‍ തേടിടും ദൈനംദിനം

Feb 28, 2011

പറയാതെ


കാണാത്തതെന്തേ
നീ എന്റെ
കണ്ണില്‍ നിറയുന്ന ദൈന്യമാം സാദ്ധ്വസം
പാരാര്‍ക്കറിയാ നിഷാദം നിനക്കും
അന്യമാണെന്നോ
മറക്കാന്‍ ശ്രമിച്ചുവോ
സൌമ്യ സാമീപ്യമായെത്രയോ കാലം
ആവേഗ ചിന്തകള്‍ ക്കെത്ര മേലാശ്വാസമായതും
സ്നേഹം പകര്‍ന്ന മഹാ സേചകം
പിന്നെ
വന്ധ്യ മേഘങ്ങളായ് പതുക്കെ മടങ്ങിയോ
തുരുതുരെ വാരി പുണര്‍ന്നന്ന്‍
പറയാതെ
യാത്രാമൊഴി ചൊല്ലി പോയ നാള്‍ തൊട്ടേ
ഓര്‍മ്മകള്‍ക്കക്കരെ
ഏതോ തുരുത്തിലെന്‍ പ്രാണന്റെ തുണ്ടിനെ കണ്ടു
ഞാന്‍ സന്തതം
കൊതി തീരുവോളം കിനാവിലാണെങ്കിലും
ഇന്നും
കാണാന്‍ വഴിക്കണ്ണുമായ് കാത്തിരിക്കുന്നു
കാണാത്ത ലോകം നിനക്കായൊരുക്കിയ
സ്വര്‍ഗത്തിലെക്കെന്നെ കൂടെ വിളിക്കുമോ

സൈഫുല്ലാഹ്


കാരിരുമ്പിന്‍ കരുത്തുള്ള മുഷ്ടി
കാണാന്‍ ചേലുള്ള കത്തുന്ന ദൃഷ്ടി
ഖാലിദിന്റെ പടയോട്ടമെത്തി
കാലം പതുക്കെ ചരിതം തിരുത്തി

അല്ലാഹുവിന്‍ വാളെന്നവരെ വിളിത്ത്
അല്ലാഹുവിന്റെ റസൂല്‍ ആദരിത്ത്
ആറ്റല്‍ റസൂലിന്‍ പിരിശം കൊതിത്ത്
ആ പുണ്യ കേശം ശിരസ്സില്‍ ധരിത്ത്

എതിരേ ഉതിര്‍ത്ത ശരങ്ങള്‍ പെരുത്ത്
എതിരേറ്റു ദീന്‍ പിന്നെ പകരം കുറിത്ത്
അവരേത് സേന നയിച്ചാ ലുമന്ന്‍
അവികീര്‍ണ്ണ രോടി ജയം ഖാലിദി ന്ന്‍

വെട്ടേറ്റ തല്ലാത്ത , ശരമേ റ്റ തല്ലാത്ത
വേറെ ഒരു ചാണ്‍ ആ മേനീയിലില്ലാ
ശാമിന്റെ റോമിന്റെ ജയഭേരി ഓര്‍ത്ത്
ശാഹെ ദിമിഷ്കിന്റെ ഉള്ളം കൊതിത്ത്

എത്തീ വിജിഗീഷു ഇടി മിന്നലായി
എക്കാലവും തീര്‍ത്ത ജയഘോഷമായി
ഏറെ കൊതിച്ചു ശഹീദായ് മരിക്കാന്‍
ഏങ്ങി കരഞ്ഞു വിധി ഏറ്റെടുക്കാന്‍

Feb 26, 2011

അറിയപ്പെട്ടതില്‍ ആദ്യത്തെ മാപ്പിളപ്പാട്ട് "മുഹ് യിദ്ദീന്‍ മാല" ഇവിടെ വായിക്കാം. അറബിമലയാളത്തിലുള്ള മൂല രചനയുമായി പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നു.
അല്ലാ തിരുപ്പേരും സ്തുതിയും സ്വലവാത്തും
അതിനാല് തുടങ്ങുവാന് അരുള് ചെയ്ത വേദാമ്പര്...
ആലം ഉടയോവന് ഏകലരുളാലെ 

ആയെ മുഹമ്മദാവര്കിള ആയോവര്
എല്ലാക്കിളയിലും വന് കിട ആണോവര്..
എല്ലാ തിശയിലും കേളിമികച്ചോവര്
സുല്‍ത്താനുലൌവിലിയാ എന്നു പേരുള്ളോവര്
സയ്യിദാവര്തായും ബാവായുമായോവര്
ബാവ മുതുകിന്ന് ഖുത്തുബായി വന്നോവര്
വാനമതേഴിലും കേളി നിറഞ്ഞോവര്
ഇരുന്ന ഇരുപ്പിന്നേഴാകാശം കണ്ടൊവര്
ഏറും മലക്കുത്തിലോര് രാജാളി എന്നോവര്..
വലതുശരീഅത്തെന്നും കടലുള്ളോവര്
ഇടത്തു ഹക്കീകെത്തോന്നും കടലുള്ളോവര്
ആകാശത്തിന് മേലെയും ഭൂമിക്കു താഴെയും
അവരെ കൊടിനീളം മത്തീരയുള്ളോവര്
ഷെയിക്കബ്ദുല്ഖാദിരില് കൈലാനി എന്നൊവര്
ഷെയിക്കന്മാര്ക്കെല്ലാര്ക്കും ഖുത്തുബായി വന്നോവര്
അല്ലാ സ്നേഹിച്ച മുഹിയുദ്ദീന് എന്നോവര്
ആറ്റം ഇല്ലാതോളം മേല്മയുടയോവര്
മേല്മായാല് സ്വല്പം പറയുന്നു ഞാനിപ്പോള്
മേല്മപറയൂല് പലബെണ്ണമുള്ളോവര്
പാലിലെ വെണ്ണപോല് ബൈത്താക്കി ചെല്ലുന്നെന്
പാക്കിയമുള്ളോര് ഇതിനെ പഠിച്ചൊവര്
കണ്ടന് അറിവാളന് കാട്ടിത്തരുമ്പോലെ
റാളിമുഹമ്മെദതെന്നു പേരോള്ളവര്
കോഴിക്കോട്ടെത്തുറ തന്നില് പിറന്നോവര്
കോര്വായിതൊക്കെയും നോക്കിയെടുത്തോവര്
അവര്‍ ചൊന്ന ബയ്ത്തിനും ബഹ്ജാക്കിത്താബിന്നും
അങ്ങനെ തക്മീല തന്നിന്നും കണ്ടൊ
 വര്‍ 
കേട്ടാന് വിശേഷം നമുക്കിവര് പോരിശ
കേപ്പിനെ ലോകരെ മുഹിയുദ്ദീനെന്നോ
 വര്‍ 
മൂലമുടയവന് ഏകലരുളാലെ 
മുഹിയുദ്ദീനെന്നു പേര് ദീന്‍ താന്‍ വിളിച്ചോവര്‍
ആവണ്ണം അല്ലാഹ് പടച്ചവന് താന് തന്നെ
യാ ഔസു ഉല് അഅ^ളം എന്നള്ളാ വിളി ച്ചോവര്‍
എല്ലാ മശായിഖന്മാരുടെ തോളിന്മേല്
ഏകലരുളാലെ എന്റെ കാലെന്നോ
 വര്‍ 
അന്നേരം മലക്കുകള് മെയ്യെന്നു ചൊന്നൊവര്‍
അവരെ തലക്കും മേല് ഖല്ക്കു പൊതിഞ്ഞോവര്‍
അപ്പോളെ ഭൂമീലെ ഷേയ്ക്കന്മാരെല്ലാരും
അവര്ക്കു തല താഴ്ത്തി ചായ്ചു കൊടുത്തോ
 വര്‍ 
കാഫു മലയിന്നും ബഹ്റ് മുഹ്ത്തീന്നും
യഹ്ജൂജ് നാട്ടിനും തലനെ താഴ്ത്തിച്ചൊ
 വര്‍ 
അറിയില്ലൊരി ഷെയ്ക്ക് അല്ലെന്ന് ചൊല്ലാരെ
അവരെ ഒലിപ്പട്ടം നീക്കിച്ചു വച്ചോവര്
അതിനാല് ചതിയില്പെടുമെന്ന് കണ്ടാരെ
എളുപത് അമാനിനെ ഉസ്സ്താദ് കണ്ടൊ
വര്‍ 
ഞാനല്ല സിറ്‌റെന്നു സിറ്‌റെന്നു ചൊന്നോ
വര്‍ 
കോപമുടൊയൊനൊരു നാറ് ഞാനെന്നോ
 വര്‍ 
മറുകരയില്ലാകടലെന്നു ഞാനെന്നോ
 വര്‍ 
മനുഷ്യന് അറിയാത്ത വസ്തു ഞാനെന്നോ
വര്‍ 
ജിന്നിനും ഇന്സിന്നും മറ്റു മലക്കിന്നും
ഞാനിവയെല്ലാര്ക്കും മേലെശൈഖെന്നോ
വര്‍ 
എല്ലാ ഒലികളും മേലെ ഖുത്തുബാണെന്നോരും
എന്നുടെ വീട്ടില് പിള്ളേരാതെന്നോ
വര്‍ 
ബാശി ഞാനെന്നിയെ ഉള്ളവരും ഞാനും
വാനവും ഭൂമീലും ഏറും നടന്നോ
വര്‍ 
എന്നെയൊരുത്തരെ കൂട്ടീപറയണ്ട
എന്നെ പടപ്പിന്നറിയരുതെന്നോ
വര്‍ 
എന്നുടെ ഏകല്ലുടയവന് തന്റേകല്
ആകില്ല ഞാന് ചൊല്കില്ലാകുമതെന്നോ
 വര്‍ 
ഏകല് കൂടാതെ ഞാന് ചെയ്തില്ലായൊന്നുമെ
എന്നാണെ നിന്റെ പറയെന്നും കേട്ടൊ
 വര്‍ 
ചൊല്ലില്ല ഞാനൊന്നുംഎന്നോട് ചൊല്ലാതെ
ചൊല്ലു നീയെന്റെ അമാനിലതെന്നോ
 വര്‍ 
ആരാനും ചോദിച്ചാല് അവരോടു ചൊല്ലുവാന്
അനുവാദം വന്നാല് പറവാന് ഞാനെന്നോ
 വര്‍ 
എന് കയ്യാലൊന്നുമെ തിന്നാനാതെന്നോരെ
ഏകലാളല് ഖിളറേകി വാരിക്കൊടൂത്തോ
 വര്‍ 
ഭൂമിയുരുണ്ട പോല് എന് കയ്യില്ലെന്നോ
 വര്‍ 
ഭൂമിയതൊക്കെയും ഒരു ചുമടെന്നോ
 വര്‍ 
കഅബാനെ ചുറ്റുവാര് ഖുത്തുബാണൊരെല്ലാരും
കഅബം തവാഫിനെ താന് ചെയ്യുമെന്നോ
 വര്‍ 
എല്ലായിലുമേല അറുശിങ്കള് ചെന്നോവര്
എന്റെ കണ്ണേപ്പോഴും ലൌഹില് അതെന്നോ
 വര്‍ 
എല്ലാ ഒലികളും ഓരെ നബിവഴി
ഞാനെന്റെ സീബാവ കാല് വശിയെന്നോ
 വര്‍ 
എന്റെ മുറിവുകള് തൌബായിലെണ്ണിയെ
എന്നും മരിക്കെരുതെന്ന് എന്നും കൊതിച്ചോ
 വര്‍ 
അതിനെ കബൂലാക്കിയാണെന്നു ചൊല്ലിയാര്
അവരൂടെ ഉസ്താദ് ഹമ്മാദെന്നോ
 വര്‍ 
എന്റെ മുരീതുകള് എന് കൂടെ കൂടാതെ
എന്റെ കാലെന്നും പെരുക്കേന് അതെന്നോ
 വര്‍ ..കണ് കൂടാവട്ടത്തില് നിന്റെ മുരീതുകള്
സ്വര്ഗ്ഗത്തില്‍പ്പൊകുമെന്ന് അല്ലാ കൊടുത്തോ
 വര്‍ 
നരകത്തില് നിന്റേ മുരീദാരുമില്ലെന്ന്
നരകത്തെ കാട്ടും മലക്കു പറഞ്ഞോ
 വര്‍ 
എന്റെ കോടിന്റെ കീഴ് എല്ലാ ഒലികളും
എന്റെ മുറിതിന് ഞാന് ഷാഫിഅ എന്നോ
 വര്‍ 
ഹല്ലാജാ കൊല്ലുന്നാല് അന്നു ഞാനുണ്ടെങ്കില്
അപ്പോള് അവര്കൈ പിടീപ്പേനും എന്നോ
 വര്‍ 
എന്നെ പിടിച്ചവര് ഇടറുന്ന നേരത്ത്
എപ്പോഴും അവര് കയ് പിടിപ്പാന് ഞാനെന്നോ
 വര്‍ 
എന്നെ പിടിച്ചവരേതും പേടിക്കേണ്ട
എന്നെ പിടിച്ചോവര്ക്ക് ഞാന് കാവല് എന്നോ
 വര്‍ 
അവരുടെ ദീനെയും ശേഷം ദുനിയാവെയും
ആഖിറം തന്നെയും പോക്കും അതെന്നോ
 വര്‍ ..എല്ലാ മുരീദുകള് താന് തന്റെ ഷെയിഹ്പോല്
എന്റെ മുറിദുകള് എന്നെ പോലെന്നോ
 വര്‍ 
എന്റെ മുറിദുകള് നല്ലവരല്ലങ്കില്
എപ്പോഴും നല്ലവന്ഞാനെന്നു ചൊന്നോ
 വര്‍ 
യാതല്ലൊരിക്കലും അള്ളാടു തേടുകില്
എന്നെക്കൊണ്ടള്ളാട് തേടുവിനെന്നോ
 വര്‍ 
വല്ല നിലത്തിനും എന്നെ വിളിപ്പോര്ക്ക്
വായ്പ കൂടാതിത്തരം ചെയ്യും ഞാനെന്നോ
 വര്‍ 
ഭൂമി തനത്തില് ഞാന് ദീനെ നടത്തുവാന്
വേദാമ്പര് തന്നുടെ ആളു ഞാനെന്നോ
 വര്‍ 
ആരുണ്ടെതെന്റു മക്കാമിനെയെത്തീട്ടു
ആരാനും ഉണ്ടെങ്കില് ചൊല്ലുവിനെന്നോ
 വര്‍ ..
എളുപത് വാതില് തുറന്നാലെനിക്കുള്ള
ആരുമറിയാത്ത ഇല്മാണെതന്നോ
 വര്‍ 
ഓരോരോ വാതിലിന്ന് വീതിയതോരോന്ന്..
ആകാശം ഭൂമിയും പോലെയതെന്നോ
 വര്‍ 
അല്ലായെനക്കവന് താന് ചെയ്ത പോരിഷ
ആര്ക്കും ഖിയാമെത്തോളം ചെയ്യാതെന്നോ
 വര്‍ 
എല്ലാര്ക്കുമെത്തിയ നിലപാടതെപ്പേരും
എന്റെ പക്കിയത്തില് മിഞ്ചം അതെന്നോ
 വര്‍ 
എല്ലാരും ഓതിയ ഇല്‍മുകളൊക്കെയും
എന്നുടെ ഇല്മാലാത് വൊട്ടൊന്ന് ചോല്ലോ
 വര്‍ 
എല്ലാ പൊഴുതുന്നുദിച്ചാലുറുബാകും
എന് പഴുതെപ്പോളും ഉണ്ടെനു ചോന്നോ
 വര്‍ 
കുപ്പിയകത്തുള്ള വസ്തുവീനെപ്പോലെ
കാണ്മാന് ഞാന് നിങ്ങളെ ഖല‌ബകം എന്നോ
 വര്‍ 
എന്റെ വചനത്തെ പൊയ്യെന്നു ചൊല്ലുകില്
അപ്പോളെ കൊല്ലുന്ന നഞ്ച് ഞാനെന്നോ
 വര്‍ 
അവരുടെ ദീനെയും ശേഷം ദുനിയാവെയും
ആഖിറം തന്നെയും പോകുമന്നതെന്നോ
 വര്‍ 
നല്നിനവെന്നൊരുത്തര് നിനച്ചെങ്കില്
നായെന്നാദാബിന്നു നയ്താക്കുമെന്നോ
 വര്‍ 
ഏകല്ലുടയോവന് ഏകല്ലരുളാലെ
ഇത്തരം എത്തിരാവണ്ണം പറഞ്ഞോ
 വര്‍ 
നാലു കിത്താബെയും മറ്റുള്ള സുഹ്ഫെയും
നായന് അരുളാലെ ഓതിയുണര്ന്നോ
 വര്‍ 
ബേദാമ്പറെ ഏകലാല് ഹിറുക്കയുടുത്തോ വര്‍ 
ബെളുത്തിട്ടു നോക്കുമ്പോള് അതിനു മേല് കണ്ടൊ വര്‍ 
വേദം വിളങ്കി പറകാന് മടിച്ചാറെ
ബേദാമ്പറ വര്വായില് തുപ്പിക്കൊടൂത്തോ
 വര്‍ 
നാവാല് മൊഴിയുന്നി ഇല്മ് കുറിപ്പാനായ്
നാനൂറ് ഹുക്കാമെയ് അവര് ചുറ്റുമുള്ളോ
 വര്‍ 
നായേന് അരുളാലെ ഇല്മ് പറയുമ്പോള്
നാവിനു നേരെ ഒലിബ് റങ്കുന്നോ
 വര്‍ 
അവര്കയ്പിടിച്ചെതി സ്വല്പമ്പേര്പ്പോഴെ
ആകാശവും മറ്റും പലതെല്ലാം കണ്ടൊ
 വര്‍ 
അവരൊന്നു നന്നായി ഒരു നോക്കു നോക്കുകില്
അതിനാല് വലിയ നിലനെ കൊടുത്തോ
 വര്‍ 
നാല്പതു വട്ടം ജനാബത്തണ്ടായാരെ
നാല്പത് വട്ടം ഒരുരാവ് കുളിച്ചോ
 വര്‍ 
നല‌വേറും ഇഷാ തൊഴുതൊരുളുവാലെ
നാല്പതിറ്റാണ്ട് സുബഹി തൊഴുതോ
 വര്‍ 
ഒരുകാലില് നിന്നിട്ടു ഒരു ഖത്തം തീര്ത്തോ
 വര്‍ 
ഒരു ചൊല് മുതലായി മൂവാണ്ട് കാത്തോ
 വര്‍ 
എന്നാരെ ഖിളുത്താം അവര്ക്കിട്ടു ചെന്നിട്ട്
ഏകലരുളാലെ അവര്കൂടെ നിന്നോ
 വര്‍ 
ഇരുപത്തായ്യാണ്ടോളം ചുറ്റി നടന്നോ
 വര്‍ 
ഏകലരുളാലെ അവര്‍കൂടെ നീന്തോ
 വര്‍ 
ഇരി എന്നെ ഏഒല്‍കേട്ടൊരെ ഇരുന്നോ
 വര്‍ 
നാല്പതിറ്റാണ്ടോളം വഅള് പറഞ്ഞോ
 വര്‍ 
നന്നായി തൊണ്ണൂറു കാലം ഇരുന്നോ
 വര്‍ 
താരിഖു നാന്നൂറ്റി എഴുപതു ചെന്നെ നാള്
ഓരാണ്ട് കാലം കൊടുത്തു നടന്നോ വര്‍ 
ഇബിലീസവരെ ചതിപ്പാനായി ചെന്നോ വര്‍ 
ഇബിലിസ് ചായ്ച്ചു കിടത്തിയയച്ചോ
 വര്‍ 
അമ്പിയാക്കന്മാരും ഔവിലായാക്കന്മാരും
അവരുടെ റുഹാബി ദേഹാമിളകുന്നോ
 വര്‍ 
ആവണ്ണം നമ്മുടെ ഹോജാ റസൂലുല്ലാ
അവരുടെ റൂഹുമവിടെ വരുന്നൊ
 വര്‍ 
അങ്ങിനെ തന്നെ മലായിക്കത്തന്മാരും
അവരുടെ മജ് ലിസില് ഹാളിറാകുന്നോ
 വര്‍ 
അവരുടെ മജ്ലീസില് ഹാളിറാകുന്നോ
 വര്‍ 
അവരുടെ മജ്ലീസില് തുകിലിറങ്ങുന്നോവര്
അവരുടെവളാവില് പലരും ചാകുന്നൊ
 വര്‍ 
ഏറിയകൂറും വിള്ര് കാണുന്നോവര്
അവരുടെയറിവും നിലയും നിറഞ്ഞോ
 വര്‍ 
ഏറുമവര്ക്കിട്ടെ ഹിന്സീലും ജിന്നുകള്
ഈമാനും തൌബായും വാങ്ങുവാന് ചെന്നോ
 വര്‍ 
ആകാശത്തുമേലത്തവര് ചെന്ന സ്ഥാനത്തും
ആരുമൊരുഷേക്കും ചെന്നില്ലായൊന്നോ വര്‍ 
കണ് കൊണ്ട് കാണ്മാനായി അരുതാതെ ലോകരെ
കാണ്മാനവര് ചുറ്റും എപ്പൊഴും ഉള്ളൊ
 വര്‍ 
കാഫ് മലയിന്നും അപ്പുറം ഉള്ളോവര്
കാണ്മാനവര് മേന്മ കാണ്മാനായി വന്നോ
 വര്‍ 
പലപല സര്പ്പായി അവര് തലക്കും മേലേ
അന്നുടെ അവിടെ ചെന്നവരെപ്പോളെ
ആകാശം ഭൂമിയും ഒന്നുമേ തട്ടാതെ
അവിടത്തെ ഹുബ്ബാമെലവര് പോയി ഇരുന്നോ
 വര്‍ 
തേനീച്ച വെച്ച പോല് ഉറുമ്പു ചാലിച്ച പോല്
പിശ അവരെപ്പോഴുമാവണ്ണ്മെന്നുള്ളൊ
 വര്‍ 
മൃദുലായ റമളാനില് മുപ്പതുനാളിലും
മുല കുടിക്കും കാലം മുലതൊടാ  പോയോ
വര്‍ ..
തലയില്ലാ കോര്ത്തു ഞാന് തൊട്ടുള്ള പൊന് പോലെ
തടിയെല്ലം പൊന് പോലെ തിരിച്ചറിയില്ലെ
ഇതിയില് വലിയേതില്ശേലം പലതുണ്ട്
അറിവില്ലാ ലോകരെ പൊയ്യെന്നു ചൊല്ലാതെ
അതിനെയറിവാന് കൊതിയുള്ളാ ലോകാരെ
അറിവാക്കന്മാരോടു ചോദിച്ചു കോള്ളീക
അവരുടെ പോരീശ കേള്പ്പാന് കൊതിച്ചോരെ
അവരെ പുകളെന്നൊരു പോരീശ കേള്പ്പീരെ
ആമീറന്മാരുടെ വണ്ണവും എണ്ണവും
അറിഞ്ഞാലറിയാമെ സുല്ത്താന്മാര് പോരീഷ
ആവണ്ണം ഒക്കുകില് ഷേയിക്കന്മാര് പോരിഷ
അപ്പോളറിയാമെ മുഹിയുദ്ധീനെന്നോ
 വര്‍ 
കൊല്ലം ഏഴുന്നൂറ്റീ ഏണ്പത്തി രണ്ടില് ഞാന്
തോറ്റം മലേനെ നൂറ്റമ്പത്തഞ്ചു ഞാന്
മുത്തും മാണിക്യവും ഒന്നായി കോര്ത്തതുപോല്
മുഹിയുദ്ദീന് മാലേനെ കോര്ത്തേന് ഞാന് ലോകരെ
ഒളിയൊന്നും കളയാതെ തെളിയാതെ ചെന്നോര്ക്കു
മണിമാടം സ്വര്ഗ്ഗതില് നായന് കൊടുക്കു നാം
ദുഷ്ടം കൂടതെയി ദീനേയെ എഴുതുകില്
കുഷ്ടം ഉണ്ടാകുമെന്നായിറവി
അല്ലാടെ റഹ്മത്തു ഇങ്ങനെ ചൊന്നോര്ക്കും
ഇതിനെ പാടുന്നോര്ക്കും മേലെകേള്ക്കോന്നോര്ക്കും
ഇത്തിരെ പോരിഷ ഉള്ളൊരു ഷേയിക്കിനെ
ഇട്ടേച്ച് എവിടേക്ക് പോകുന്നു പോഷരെ
എല്ലാരെ കോഴിയും കൂകിയടങ്ങുനീ
മുഹിയുദ്ദീന് കോഴി ഖീയാമത്തോളം കൂകൂം
ആഖിറം തന്നെ കൊതിയുള്ള ലോകരെ
അവരെ മുരിതായി കൊള്ളുവിന് അപ്പോളെ
ഞാങ്ങളെല്ലാരുമെ അവരെ മുഴുതാപം
ഞങ്ങള്ക്കു തബിത്ത ഞാങ്ങളെ നായരെ
എല്ലാമാശയില് നാരെ ദുആനെയെ നീ
ഏകണം ഞങ്ങള്ക്ക് അവരുടെ ദു ആ കൂടി
അവര്ക്കൊരു ഫാത്തിഹ എപ്പോഴും ഓതുകില്
അവരെ ദുആ യും ബര്ക്കത്തും എപ്പോഴും
ഹോജാ ഷഹാബത്തില് മുഹിയുദ്ധീന് തന് കൂടെ
കൂട്ടു സുബര്ക്കത്തില് ആലമ്മുടയോനെ
നീ ഞങ്ങള്ക്കെല്ലാര്ക്കും സ്വര്ഗ്ഗ ധനത്തിന്നു
നിന്നുടെ തൃക്കാഴ്ച കാട്ടു പെരിയോനെ
പിഴയേറെ ചെയ്തു നടന്നായാടിയാറെ
പിഴയും പൊറുത്ത് നീ റഹ്മത്തില് കൂട്ടല്ലാ
നല്ല സലാവാത്തും നല്ല സലാമായും
നിന്റെ മുഹമ്മദിന് ഏറ്റണം നീയല്ലാ
മുത്താല് പടച്ചേദുനിയാവില് നില്ക്കുന്നു
മൂപ്പര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
കാലമേയസു താന് മൌത്തു വാങ്ങും നാളില്
തര്ത്തര് മുഹിയുദ്ദീന് കാവലിലേകല്ലാ
കേള്വി പെരുത്ത ഖബറകം പോകും നാം
വേര്പ്പെട്ട് മുഹിയുദ്ദീന് കാവലിലേകല്ലാ
സൂര് വിളികേട്ടിട്ടോക്കെപുറപ്പെട്ടാല്
സുല്ത്താന് മുഹിയുദ്ദീന് കാവലില് ഏകല്ലാ
ഏഴു മുഹമ്മിട്ടു അടുപ്പിച്ചുദിക്കുന്നാല്
എങ്കല് മുഹിയുദ്ദീന് കാവലില് ഏകല്ലാ
ചൂടു പെരുത്തിട്ടാരമ്മല് ഞാന് നില്ക്കുനാള്
ദൊക്കര് മുഹിയുദ്ധീന് കാവലില് ഏകല്ലാ
നരകമതേഴും ക്രോധം മികച്ച നാള്
തലവര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
തൂക്കം പിടിച്ച് കണക്കലല്ലാം നോക്കും നാള്
തലവര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
അരിപ്പത്തിലിട്ടെ സീറാത്ത് കടക്കും നാള്
അരുമ മുഹിയുദ്ദീന് കാവലില് ഏകള്ളാ
ഹോജാ ഷഫാഅത്തിന് മുഹിയുദ്ദീന് തന് കൂടാ
കൂട്ട് സുബര്ക്കത്തില് ആലം ഉടയോനെ
പള്ളിയിലോതുന്നും നാള് മലക്കുകള് ചൊല്ലുവാന്
പിള്ളാരെ താനും കൊടുത്തിനതെന്നാവര്
ഇതിനു പടച്ചെന്നു തൂങ്ങുമ്പോള് കെട്ടോവര്
എവിടെ ചെന്നാനും പോകുമ്പോള് കെട്ടോവര്
ഏറും അറഫാ നാള് പശുവിനെ പായിച്ചാരെ
ഇതിനു പടച്ചെന്ന് പശുവു പറഞ്ഞോവര്
ഏതും ഇല്ലാത്ത നാള് നിന്നെയും നോക്കിയെന്
ഇപ്പോള് നീ എന്നെ നീ ന്യായെന്നും കേട്ടൊവര്
ഇരവും പകലുമേഴുപതു വട്ടം നീ
എന്നുടെ കാവലില് എന്നെ കേള്പെട്ടോവര്
പലരെയിടയിന്നും നിന്നെ തിരഞ്ഞേ ഞാന്
പാങ്ങോടെ ചൊല്ലും ഇങ്ങനെ കേട്ടൊവര്
എനിക്കു തനിക്കായി നിന്നെ പടച്ചേന് ഞാന്
ഇങ്ങനെ തന്നെയും ശബ്ദത്തെകേട്ടോവര്
കളവുകാരയെല്ലാം എന്നും മാറ്റുന്നാരെ
കള്ളന്റെ കയ്യീലു പൊന്നു കൊടുത്തോവര്
അവരെ തടിയെല്ലാം തലസ്ഥാനത്തായാരെ
അങ്ങനെ എത്തീര സങ്കീടം തീര്ത്തോവര്
കശമേറും രാവില് നടന്നങ്ങു പോകുമ്പോള്
കൈവിരലില് ചൂട്ടാക്കി കാട്ടി നടന്നോവര്
കണ്ണില് കാണാത്തതും കല്പകത്തുള്ളോതും
കണ് കൊണ്ട് കണ്ടെപ്പോല് കണ്ട് പറഞ്ഞോവര്
ഉറങ്ങുന്ന നേരത്തും ഖബറകം തന് നിന്നും
ഉടയേവന്നകലുണോരെ പറഞ്ഞോവര്
ഹോജാ ഷഹാബത്തില് മുഹിയുദ്ദീന് തന് കൂടെ
കൂട്ടൂ സുബര്ക്കത്തില് ആലമുടയോനെ
ഹോജാ ബേദാമ്പരെ മംഗലംകാണുവാന്
മംഗലവേലകള് കാണുവാനേകല്ലാ
നിന്നെയും എന്നുടെ ഉമ്മായും ബാവേയും
അറിവൈ പിടിപ്പിച്ച ഉസ്താദന്മാരെയും
എന്നെയും മറ്റുള്ള മുഅമിനില്ലേരെയും
എങ്കല് നബിന്റെ ഷഫാ അത്തില് കൂട്ടല്ലാ
പിഴയേറെ ചെയ്തു നടന്നോരടിയാന്റെ
പിഴയും പൊറുത്ത് നീ റഹ്മത്തില് കൂട്ടല്ലാ
എല്ലാ പിഴയും പൊറുക്കുന്നെ നായനെ
ഏറ്റം പൊറുത്തു നീ കിരിപാ ചെയ് യാ അല്ലാ
നല്ല സലാവത്തും നല്ല സലാമയും 
എങ്കല് മുഹമ്മദിന് ഏകണം നീയല്ലാ...

Feb 24, 2011

മാപ്പിളപ്പാട്ട് എന്താണ് ,എന്തല്ല




മാപ്പിള കലകളില്‍ ഏറ്റവും അധികം ജനകീയമായതും, മാപ്പിള സാഹിത്യത്തില്‍ വ്യത്യസ്ഥ കാഴ്ചപ്പാടുകളില്‍ വിലയിരുത്ത പ്പെടുന്നെങ്കിലും ഇന്നും നില നില്‍ക്കുന്നതും പുതുതായി രചിക്കപ്പെടുന്നതുമായ ഏക മേഖലയും മാപ്പിളപ്പാട്ട് മാത്രമായിരിക്കും. വ്യവസ്ഥാപിത ശൈലിയില്‍ നിന്നും കടമെടുത്ത് ചെയ്‌താല്‍ പുതിയതെന്തും യഥാര്‍ത്ഥ മാപ്പിള പ്പാട്ടാകും എന്ന വിശ്വാസം മത്സര വേദികളിലെ വിധി നിര്‍ണയ മാനം തീര്‍ത്ത ധാരണകളാണ്. മാപ്പിളമാര്‍ പാടുന്ന പാട്ടാണോ മാപ്പിള പ്പാട്ട് ? മാപ്പിളമാരെ ക്കുറിച്ച് പാടുന്നതാണോ, മനുഷ്യന് മനസിലാകാത്ത സങ്കര ഭാഷ ആണോ അതിന്റെ അടിത്തറ, കാവ്യഗുണം ആവശ്യമാണോ തുടങ്ങി സാധാരണക്കാരന്റെ സംശയങ്ങള്‍ ഏറെയാണ്‌ .
എന്നാല്‍ എന്താണ് മാപ്പിളപ്പാട്ട് , എന്തായാല്‍ മാപ്പിളപ്പാട്ടാകും; ആകില്ല ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
മാപ്പിളപ്പാട്ടിനെ മറ്റു പാട്ടുകളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകങ്ങള്‍ പല തരത്തില്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്‌.
മര്‍ഹൂം ടി.ഉബൈദ്‌ സഹിബ്‌, ( കാസര്‍കോട് സാഹിത്യ പരിഷത് സമ്മേളനത്തില്‍ .എന്‍ വി കൃഷ്ണവാരിയരും പി നാരായണന്‍ നായരുമുള്‍പ്പെടെയുള്ള സാഹിത്യപ്രമുഖരുടെ സാന്നിധ്യത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് മര്‍ഹൂം ടി ഉബൈദ് സാഹിബ് നടത്തിയ പ്രഭാഷണം ശ്രവിച്ച് , മാപ്പിളപ്പാട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാഹിത്യചരിത്രം അപൂര്‍ണമായിരിക്കുമെന്നു ജി ശങ്കരക്കുറുപ്പ് അഭിപ്രായപ്പെട്ടത് മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിള സംസ്‌കാരത്തെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടക്കുന്നത്തിനു വഴി തുറന്നു) മര്‍ഹൂം കെ.കെ. അബ്ദുൽ കരീം, ബാല കൃഷ്ണന്‍ വള്ളിക്കുന്ന്, തുടങ്ങി മാപ്പിളപ്പാട്ടിനെ ക്കുറിച്ച്‌ ആഴത്തില്‍ പഠനം നടത്തിയ പലരും മാപ്പിളത്തനിമയും , കേള്‍ക്കാന്‍ ഇമ്പമുള്ള ഈണവും, പ്രാസ ദീക്ഷകളും മുഖ്യമാണെന്ന അഭിപ്രായത്തിലാ‍ാണു എത്തിച്ചേരുന്നത്‌. മാപ്പിള സംസ്കാരത്തിന്റെ തനതു പാരമ്പര്യം നില നിര്‍ത്തുന്നതോടൊപ്പം
അവാച്യമായ ഒരനുഭൂതി കേള്‍വിക്കാര്‍ക്കു സമ്മാനിക്കാന്‍ പര്യാപ്തമാകുന്നതുമാകണം മാപ്പിളപ്പാട്ടുകള്‍ . ഈ രംഗത്ത്‌ അറിയപ്പെടുന്ന ഗവേഷകരിലൊരാളാണു ഡോ. എം.എന്‍ . കാരശ്ശേരി. കാരശ്ശേരി മാഷ്‌ പക്ഷെ മാപ്പിളപ്പാട്ടുകളിലെ ചില പരമ്പരാഗത മാനങ്ങളെ യുക്തി ഭദ്രമായ വിചാരണക്കു വിധേയമാക്കുന്നുണ്ട്‌. നമുക്ക്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ നോക്കാം. (കാഴ്ച വട്ടം) ഡോ. എം. എന്‍ . കാരശ്ശേരി.

തന്‍ഈമിന്റെ കണ്ണീര്‍


കണ്ണീരും ചോരയും ചാലിട്ടൊഴുകിയ
തന്‍ ഈമിന്‍ മണ്ണില്‍ ഞാന്‍ ചെന്ന് നിന്നേ
എന്റെ
ഖല്‍ബില്‍ ഖുബൈബിന്റെ ഓര്‍മ വന്നേ ..

മുശ് രിക്കിന്‍ കൂട്ടം ഖുബൈബിനെ ബന്ധിച്ച്
മുച്ചൂടും വേദന ഏല്‍പ്പിച്ചന്ന്‍
ചുറ്റും
കൂടി വധിക്കാന്‍ പുറപ്പെടുന്ന്‍ ..

മുത്ത് നബിയാരെ തള്ളി പ്പറയുകില്‍
മുക്തനായ് തീരാമെന്നോതീ മെല്ലെ
കേട്ട്
പൊട്ടി തെറിച്ച് ഖുബൈബ് ചൊല്ലി..

ഒരു മുള്ള് കൊണ്ടെന്‍ ഹബീബിന്റെ പൂമേനി
നോവുന്നതില്‍ ഭേദം നിങ്ങളിന്നു
എന്റെ
ജീവന്‍ ഒടുക്കുകില്‍ ഏറെ നന്ന് ...

ദുഖത്താലന്നീ മണല്‍ കുന്ന് തേങ്ങിയോ
ഒടുവില്‍ ഖുബൈബ്‌ ശിരസ്സ്‌ ചേര്‍ത്ത്
മണ്ണില്‍
റബ്ബിന്റെ മുന്നില്‍ കിടന്ന നേരം ...

പതറാത്ത ഖല്‍ബാല്‍ ശഹാദത്തുയര്‍ത്തിയ
പുണ്യ പുരുഷന്റെ ചോര കൊണ്ട്
വീര
ഗാഥ കുറിച്ച് ദിഗന്തം തേങ്ങീ ...

Feb 21, 2011

വാത്സല്യ പുര്‍വ്വം


കാതോര്‍ത്തു നില്‍ക്കെ
ഒരു മഹാ ജന സഞ്ചയം
ആ വശ്യ വചസിനായി
അക്ഷരസ്നേഹിയു ടെ
ഉണര്‍ത്തു പാട്ടിനു,
സ്നിഗ്ധമായ ഒരു തലോടലിനു..
ഒരു സ്നേഹ മര്‍മരം പോലെ
മുന്നില്‍ വന്ന് നിന്നു
വാത്സല്യ പുര്‍വ്വം
ഒരു പുഞ്ചിരി ...
പദവികള്‍ പങ്കിലപ്പെടുത്താത്ത
മാനു മുസ്ലിയാര്‍ ....
സമുഹത്തോടു സംവദിക്കാന്‍
ഏറെയുണ്ട്
ആ മുഖത്ത് വിടര്‍ന്നത്
ഒരാത്മ നിര്‍വൃതി ..
അഭേദ്യമായൊരു
ശക്തി ദുര്‍ഗമായിരുന്നു
ദുര്‍ വാശിയുടെ
കനല്‍ വീണു കത്തിയ
സുന്നി കൈരളി യുടെ
നോവോടുങ്ങാത്ത നെഞ്ചില്‍
നേരിന്റെ മറു പുറങ്ങള്‍ കാണിച്ച്
സമസ്തയുടെ ഖാദിമായി
കെ.ടി ഉസ്താദ് ...
ലോലമായി അതിലോലമായി
ആദര്‍ശ ബന്ധുക്കള്‍ തീര്‍ത്ത
ശുഭ്ര സാഗരം
കണ്‍ നിറയെ കണ്ടങ്ങിനെ നിന്നു ..
പിന്നെ മെല്ലെ മെല്ലെ ...
അനുഗ്രഹീത മടക്കം ..
ആര്‍ക്കു കഴിയും
ഇത്ര ഏറെ ആസ്വദിക്കാന്‍
കര്‍മ സാഫല്യം ...
പറയാതെ, യാത്ര പറയാന്‍...
വിമുകം വിതുമ്പുന്ന
സ്നേഹ ജനങ്ങള്‍ക്ക്‌ മുന്നില്‍
ധന്യമായ അന്ത്യ നിമിഷങ്ങളിലും..
പകര്‍ന്നു പോകാന്‍ ...
ഓര്‍മയില്‍ കാത്തു വെക്കാന്‍ ,
വാത്സല്യ പുര്‍വ്വം ... ഒരു പുഞ്ചിരി

Feb 19, 2011

അരുവികളൊഴുകുന്ന ആരാമം

അര്‍ശിന്റെ തണലായ്‌ ..
അഹദിന്റെ തുണയായ് ..
അരുവികളൊഴുകുന്ന ആരാമം ..
അദ്നെന്ന സ്വര്‍ഗ്ഗം ...
അര്‍ഹത അതിനെ നിക്കില്ലേലും ..
അഫ് വായി നീ തരണേ ..

അറിവില്ല , അമലും ..
അളവറ്റ അജലും ..
അറിയുന്ന നാഥാ നീ പൊറുക്ക് ..
അടിയന്റെ ദോഷം നീ ഇറക്ക് ..

മരണത്തിന്‍ സമയം ..
മറയില്ലാത്തഭയം ..
കലിമത്ത് നാവില്‍ നീ തരണേ ..
കനിവിന്റെ പാശം നീട്ടിടണേ ..

ഖബ് റി ന്റെ ഇടുക്കം ..
കഠിനമാം ഞെരുക്കം ..
ഒഴിവാക്കി എന്നില്‍ ദയ തരണേ ..
ഒളിവിന്റെ വാതില്‍ തുറന്നിടണേ ..

ഹശ് റിന്റെ ദിവസം ..
ഹിസാബിന്റെ സാഹസം ..
സുകൃതത്താല്‍ മീസാന്‍ തൂക്കീ ട ണേ ..
സുഗമം സിറാത്ത് കടത്തീടണേ ..

Feb 5, 2011

എസ്.എ. ജമീല്‍ വിടവാങ്ങി


എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ .. സ്വന്തം ഭാര്യ എഴുതുന്ന തെന്തെന്നാല്‍ ഏറെ പിരിശത്തില്‍ .. ഗള്‍ഫ് പ്രവാസത്തിന്റെ അകലം തീര്‍ത്ത വിരഹത്തിന്റെ മുഴുവന്‍ ദുഖങ്ങളും മനസിലേറ്റി ഒരു തലമുറ മൂളി നടന്ന ദുബായ് കത്തും മറുപടിയും .. മാപ്പിള ഗാന ശാഖയിലെ കത്ത് പാട്ടുകളുടെ പുനര്‍ ജന്മമായിരുന്നു. കത്തുപാട്ടുകളിലൂടെ മലയാളി മനസ്സില്‍ മാപ്പിളപ്പാട്ടിന് പുതിയൊരു ഭാവതലം തീര്‍ത്ത എസ്.എ. ജമീല്‍ വിട വാങ്ങുമ്പോള്‍ ഒരു കാവ്യ ശാഖയുടെ നനുത്ത ഓര്‍മകളാണ് അവശേഷിക്കുന്നത്. ഗാനരചയിതാവും ഗായകനുമായ നിലമ്പൂരിലെ സയ്യിദ് അബ്ദുല്‍ജമീല്‍ എന്ന എസ്.എ. ജമീല്‍ ഒട്ടേറെ ഗാനങ്ങള്‍ രചന നിര്‍വഹിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മലയാളികള്‍ ഓര്‍ക്കുന്നത് അബു ദാബിയിലെ എഴുത്ത് പെട്ടിയിലെത്തുന്ന പ്രിയപ്പെട്ട വളുടെ ഹൃദയം പൊട്ടി എഴുതുന്ന കത്തും ഉള്ളില്‍ പതിക്കുന്ന ശരങ്ങളായി മറുപടി പറയാന്‍ കഴിയാതെ തകര്‍ന്ന നിസഹായനായ ഭര്‍ത്താവിന്റെ മറുപടിയും തന്നെ ആയിരിക്കും.

Jan 20, 2011

വൈദ്യര്‍ ചിന്ത്


മാപ്പിള ത്താനത്തിലെ ബാഗുസ്സുറൂരിലിരിന്ത് -
മാനിദക്കവി മൂളിടെയ് തോരാതെ പെയ്തൊരു ചിന്ത്.
മാറിടുക്കില്‍ തീര്‍ത്ത ബെയ്തിന്‍ തേന്‍ കുടം തുറന്ന് -
മാമഹം പയ്യല്‍ ത്വബീബിന്‍ ശീലുകള്‍ പിറന്ന് ..

അക്ഷരപ്പൊരുളെത്തിരാ ബരിശക്കടല്‍ മുങ്ങിപ്പിടിത്ത്
അക്ഷയഖനി മുത്ത് മോയിന്‍ കുട്ടി വൈദ്യര് മാല കോര്‍ത്ത്‌
ഇശ യൊടാക്കിളി പാടി
ഇശലിന്റെ വാനമ്പാടി..

നെഞ്ചിലിശ്ഖിന്‍ കൂടൊരുക്കി ഹിന്ദിലെ അസ് മീറ് നാട്ടില്‍
മൊഞ്ചിലാ കിളിക്കൂട് വൈദ്യര് തൊങ്കലാല്‍ പണി തീര്‍ത്ത് മട്ടില്‍
മനസിജം പിണി ചേര്‍ത്ത്
മധു ഖാഫിയത്തില് തീര്‍ത്ത്.

ജിന്ന് വാഴും നാട്ടിലേക്കുസ് നുല്‍ജമാലാളേ നടത്തി
ചിന്മഴിക്കിണയായ് മുനീറെ സന്ധിതക്കൂട്ടില്‍ നിറുത്തി
ധിമി ധിമി തിമി താളം
തിര ദിഗ് വിഭാഗിത മേളം.

ഹഖും ഹഖോടുത്ഥിതപ്പക വെച്ച കൂട്ടം കൊമ്പ് കോര്‍ത്ത്
ഹക്കം അപ്പടി കുറിത്ത് തീപ്പടര്‍ത്തും ഖിസ്സ തീര്‍ത്ത്
അഹദിയത്തില്‍ പേര്‍ത്ത്
അധി ഹംദിനാലണി ചേര്‍ത്ത് .

ബദറിലെപ്പടവാള്‍ കിലുക്കം, സിരകളില്‍ ചോര ത്തിളക്കം
ബരികളില്‍ രണ ഭേരി, മക്കം ഫത് ഹ് സ്വാതന്ത്ര്യ പ്പതക്കം
ശണ്ട ദണ്ടട താളം
ശര ശങ്കിടി പ്പട മേളം .

"മനൊ നഭ സുഖ സാര ഭാസ്കര" പടയൊരുക്കി മലപ്പുറത്ത്
മനസുരുക്കും കഥ "സലീഖ" ത്തോതിയും തഹ് രീറുരത്ത്
വൈദ്യരീ മലനാട്ടില്‍
വൈദേശി യോടെതിര്‍ത്ത് .

ദീനരോടലിവുള്‍ "സലാസില്‍" കാട്ടിയെ അസ് റാറെടുത്ത്
ദീപ്തമായ് "മഫാത്തിഹുല്‍ അബ് റാറി"ലെ ചരിതമൊത്ത്
ബെത്തിലാ ചമൈത്ത്
ബല്‍ഖീസിലെ സീനത്ത് .

മുത്തിനാല്‍ മൂലപ്പുരാന്‍ പടച്ച മുസ്തഫയെ തിളക്കി
മുത്തിടും മദ് ഹായ് മുഹിബ്ബു ന്നൂറിനാലുള്ളം മിനുക്കി
വൈദ്യരോളം നല്ല
വൈഡൂര്യ വും കാണില്ല.
മാപ്പിള ക്കവി സാമ്രാട്ട് മഹാ കവി മോയിന്‍ കുട്ടി വൈദ്യരുടെ
പ്രസിദ്ധ കാവ്യങ്ങളായ "ബദര്‍ , ഉഹദ്, ബദ് റുല്‍മുനീര്‍ ഹുസ്നുല്‍ ജമാല്‍ ,
മലപ്പുറം പട , സലീഖത്ത് , സലാസില്‍ , ബെത്തില, മൂലപ്പുരാന്‍ ..
തുടങ്ങിയ കൃതികള്‍ അനുസ്മരിച്ചു കൊണ്ടെഴുതിയ ഈ ഗാനം
മാപ്പിള പാട്ട് ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു .
" ബിസ്മിയും ഹംദും സലാത്തും .... എന്ന ഇശലില്‍ പാടി നോക്കുക ..